റീമാച്ച് വേണമെന്ന് ബ്ളാസ്റ്റേഴ്സ്

Monday 06 March 2023 11:39 PM IST

കൊച്ചി : വിവാദ ഫ്രീകിക്ക് ഗോളിനെത്തുടർന്ന് തങ്ങൾ ബഹിഷ്കരിച്ച ബെംഗളൂരു എഫ്.സിക്കെതിരായ ഐ.എസ്.എൽ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനോട് ആവശ്യപ്പെട്ടു. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽല്‍ ജോണിനെ വിലക്കണമെന്നും ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യം ചർച്ച ചെയ്യാൻ എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി യോഗം ചേരുമെന്ന് റിപ്പോർട്ടുണ്ട്.

റഫറി ക്രിസ്റ്റൽ ജോണിന്റെ പിഴവുകളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് വിശദമായ പരാതി ഫെഡറേഷന് നല്‍കിയിട്ടുണ്ട്. ഫ്രീ കിക്കിന് മുൻപ് ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണയോട് നീങ്ങി നിൽക്കാൻ റഫറി ആവശ്യപ്പെട്ടെന്നും അതുകൊണ്ട് ക്വിക്ക് ഫ്രീകിക്ക് അനുവദിക്കാൻ സാധിക്കില്ലെന്നും ബ്ലാസ്റ്റേഴ്സിന്റെ പരാതിയിൽ പറയുന്നു.

ഒരു കളിക്കാരനോടു നീങ്ങിനിൽക്കാൻ റഫറി പറഞ്ഞാൽ അതിനർത്ഥം പ്രതിരോധ മതിൽ തീർക്കാൻ ആവശ്യപ്പെടുകയാണ്. ഈ സന്ദർഭത്തില്‍ ഫ്രീകിക്കിനായി വിസിൽല്‍ നല്‍കേണ്ടതാണെന്നും പരാതിയിൽ പറയുന്നു. അതിനാൽ ഗോൾ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനം യുക്തിക്ക് നിരക്കാത്തതാണെന്നും ബ്ലാസ്റ്റേഴ്സ് വാദിക്കുന്നു. അതേസമയം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനോ, ഐ.എസ്.എൽ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ പരിശീലകൻ വുക്കൊമനോവിച്ച് മത്സസരദൃശ്യങ്ങൾ ചാമ്പ്യൻസ് ലീഗ് മല്‍സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള യൂറോപ്പിലെ രണ്ട് റഫറിമാർക്ക് അയച്ചുകൊടുത്തെന്നും ഛെത്രിയുടെ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് അതിലൊരാൾ അഭിപ്രായപ്പെട്ടെന്നും ബ്ലാസ്റ്റേഴ്സിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന് പേരുവെളിപ്പെടുത്താൻ തയാറാകാത്ത ഒരു ഐ.എസ്.എൽ റഫറിയും അഭിപ്രായപ്പെട്ടു. അതേസമയം ബ്ളാസ്റ്റേഴ്സിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്ളാസ്റ്റേഴ്സിനെതിരെ നടപടിയെടുത്താൽ അത് ഐ.എസ്.എല്ലിന്റെ ജനപ്രീതിയിൽ ഇടിവ് വരുത്തുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്.