ഹർഷീനയെ പി.സതീദേവി സന്ദർശിച്ചു

Tuesday 07 March 2023 3:56 AM IST

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് സമരം അവസാനിപ്പിച്ച ഹർഷീനയുടെ വീട്ടിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി എത്തി. ഹർഷീനയ്ക്ക് അർഹമായ നഷ്ടപരിഹാരവും നിയമപരിരക്ഷയും നൽകുന്ന കാര്യത്തിൽ വനിതാകമ്മിഷൻ കൂടെയുണ്ടാവുമെന്നും കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് സതീദേവി ഹർഷീനയുടെ പന്തീരാങ്കാവിലെ ഭർത്താവിന്റെ വീട്ടിലെത്തിയത്.വയറിൽ കത്രികയുമായി കഴിഞ്ഞ അഞ്ചു വർഷം താൻ ജീവിച്ചതിന്റെ ദുരിതങ്ങളും കത്രിക പുറത്തെടുത്ത ശേഷം അധികൃതരിൽ നിന്നനുഭവിച്ച അവഹേളനങ്ങളും സമരത്തിനിറങ്ങിയ പശ്ചാത്തലവുമെല്ലാം ഹർഷീന വിവരിച്ചു. രണ്ടാഴ്ചത്തെ സമയമാണ് ആരോഗ്യമന്ത്രി ഉറപ്പു നൽകിയത്. അതിനിടയിൽ നഷ്ടപരിഹാരം സംബന്ധിച്ചും, കത്രിക എവിടെ വച്ച് തന്റെ ശരീരത്തിലേക്ക് കയറിയെന്ന അന്വേഷണത്തിലും തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ മരിക്കും വരെ സമരം നടത്തുമെന്ന് ഹർഷീന പറഞ്ഞു.