സർക്കാരിനെയും പാർട്ടിയെയും തകർക്കാൻ ശ്രമം: എം.വി.ഗോവിന്ദൻ

Tuesday 07 March 2023 2:56 AM IST

അങ്കമാലി: സർക്കാരിനെയും സി.പി.എമ്മിനേയും തകർക്കാൻ കേന്ദ്ര ഏജൻസികളും യു.ഡി.എഫും മാദ്ധ്യമങ്ങളും നടത്തുന്ന ശ്രമങ്ങളെ ജനം നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ജനകീയ മുന്നേറ്റത്തിനുള്ള തെളിവാണ് ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിലേക്കുള്ള ജനപ്രവാഹം. സംസ്ഥാനത്തിന് അർഹപ്പെട്ട 40,000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്.. 64,000 പേരെ സംസ്ഥാന സർക്കാർ ദത്തെടുത്ത് അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ പോവുകയാണ്. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിന് ഇത് കഴിഞ്ഞിട്ടുണ്ടോ? ഒരു സെന്റ് ഭൂമി പോലുമില്ലാത്ത 3,32,000 പേർ കേരളത്തിലുണ്ട്. അവർക്കെല്ലാം 3 സെന്റ് വീതം ഭൂമി നൽകാൻ 10,500 ഏക്കർ ഭൂമി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതാണ് കേരള മോഡലെന്ന് ​ഗോവിന്ദൻ പറഞ്ഞു.