നടി കേസ്: വിചാരണ വൈകുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ അകാരണമായി വൈകുന്നില്ലെന്നു പറഞ്ഞ ഹൈക്കോടതി, വിചാരണക്കോടതി ഈ കേസിനു പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും വിലയിരുത്തി.
കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണനാണ് ഇക്കാര്യം പറഞ്ഞത്. വിചാരണയ്ക്ക് സുപ്രീം കോടതിയുടെ മേൽനോട്ടമുണ്ട്. വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി മതിയെന്നാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി റിപ്പോർട്ടു നൽകിയത്. ഇത് അവിശ്വസിക്കേണ്ട കാര്യമില്ല. കേസിൽ 237 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ഇതിനു ശേഷമാണ് അഡിഷണൽ സാക്ഷികളുടെ പട്ടിക സമർപ്പിച്ചത്. മിക്ക ദിവസങ്ങളിലും രാത്രി ഏഴര വരെയും ചില ദിവസങ്ങളിൽ രാത്രി എട്ടു വരെയും സാക്ഷി വിസ്താരം നീളാറുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ അനന്തമായി നീളുന്നുവെന്ന പൾസർ സുനിയുടെ വാദം അംഗീകരിക്കാനാവില്ല.
ആറു വർഷമായി ജയിലിലാണെന്നും അതിനാൽ ജാമ്യമനുവദിക്കണമെന്നുമുള്ള വാദം ഹൈക്കോടതി തള്ളി. സമൂഹ മന:സാക്ഷിയെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങളുള്ള കേസിലെ പ്രതിക്ക് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.