അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാ സംരംഭകർ ഒത്തുചേരുന്നു

Tuesday 07 March 2023 2:08 AM IST

തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8 ന് സംസ്ഥാനത്തെ 500 ഓളം വനിതാ സംരംഭകരുടെ ഒത്തുചേരൽ. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവരുൾപ്പെടെയാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുക.

തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ രാവിലെ 9.30 ന് മന്ത്രി വീണാജോർജ് സംഗമം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. മന്ത്രിമാരായ ഡോ. ആർ.ബിന്ദു, ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും.

കേരളത്തിലെ സംരംഭക സൗഹാർദ്ദ നയങ്ങളും സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതാകും സംരംഭക സംഗമമെന്ന് മന്ത്രി രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000 ലധികം വനിതകളാണ് പുതുസംരംഭങ്ങൾ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുന്ന കേരളത്തിലെ വനിതകൾക്ക് പ്രചോദനവും ആത്മവിശ്വാസവും ഏകുന്നതാകും ഈ സംഗമം.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ് ഡെവലപ്‌മെന്റിന്റെ (കീഡ്) ഇ.ഡി ക്ലബുകളുടെ രജിസ്‌ട്രേഷൻ പോർട്ടലിന്റെ ഉദ്ഘാടനവും വ്യവസായ വാണിജ്യ വകുപ്പിന്റെ വ്യവസായ ജാലകം മാഗസിന്റെ ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

Advertisement
Advertisement