ദേവസ്വം ബോർഡ് നിയമങ്ങൾ പരിഷ്കരിക്കും: മന്ത്രി രാധാകൃഷ്ണൻ

Tuesday 07 March 2023 12:29 AM IST

തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ നിലവിലെ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന് സമഗ്രനിയമഭേദഗതി കൊണ്ടുവരുമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ധനവകുപ്പിന്റെ സഹായത്തോടെ ആഭ്യന്തര ഓഡിറ്റിംഗ് ശക്തമാക്കി ദേവസ്വം ബോർഡുകളെ മെച്ചപ്പെടുത്തുന്നതിനൊപ്പം അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കും. ക്ഷേത്രങ്ങളുടെ വികസന കാര്യത്തിനാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നത്. ശബരിമല തീർത്ഥാടനം മികവുറ്റതും കുറ്റമറ്റതുമാക്കാൻ സർക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തെ വരുമാനക്കുറവടക്കം നേരിടാൻ കേരളത്തിലെ ക്ഷേത്രങ്ങൾക്കായി 468 കോടി രൂപ സർക്കാർ അനുവദിച്ചു. നടപ്പ് സാമ്പത്തിക വർഷം ദേവസ്വം ബോർഡുകൾക്ക് 88.70 കോടി നൽകും. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാരെടുക്കുക എന്നതല്ല, മറിച്ച് ക്ഷേത്ര പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് നയമെന്നും മന്ത്രി വ്യക്തമാക്കി.