കെ.എസ്.ആർ.ടി.സി -- ശമ്പള ചർച്ചയിൽ തീരുമാനമായില്ല

Tuesday 07 March 2023 12:30 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളാക്കി വിതരണം ചെയ്യുന്നത് സംബന്ധിച്ച് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ സി.ഐ.ടി.യു നേതാക്കളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ശമ്പളം ഒറ്റത്തവണയായി തന്നെ നൽകണമെന്നും ഗഡുക്കളായി അംഗീകരിക്കാനാവില്ലെന്നും സി.ഐ.ടി.യു ഭാരവാഹികൾ വാദിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മന്ത്രിയും സി.എം.ഡി ബിജുപ്രഭാകറും എതിർത്തു. ഗഡുക്കളെന്ന തീരുമാനം മനപ്പൂർവമല്ലെന്നും വിശദീകരിച്ചു.

സർക്കാരിന്റെ പ്രതിമാസ ധനസഹായമായ 50 കോടി മാസാദ്യം ലഭിച്ചാൽ ശമ്പളം നേരത്തേ നൽകാനാകുമെന്ന് യോഗം വിലയിരുത്തി. തുടർ ചർച്ച ഈ മാസം 18ന് വീണ്ടും നടക്കും.
താത്കാലിക ജീവനക്കാരുടെ നിയമനത്തിലെ അപാകതയും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. പറഞ്ഞുവിട്ട താത്കാലികക്കാരെ സീനിയോറിട്ടി നോക്കി പുനർനിയമിക്കണമെന്നായിരുന്നു ധാരണയെങ്കിലും മന്ത്രിയെയും എം.ഡിയെയും കാണുന്നവർക്ക് നിയമനം നൽകുന്നുവെന്നായിരുന്നു ആരോപണം. യൂണിയൻ പ്രവർത്തകരെ കേസുകളിൽ കുടുക്കി അച്ചടക്ക നടപടിക്ക് വിധേയമാക്കുന്നെന്നും നേതാക്കൾ പരാതിപ്പെട്ടു. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

Advertisement
Advertisement