പിണറായി നാടിന്റെ ദുരന്തം:സുധാകരൻ

Tuesday 07 March 2023 12:32 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്റെ ഐശ്വര്യമല്ല മറിച്ച് മഹാദുരന്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പിണറായി സ്തുതികൾ കേരളം വിശ്വസിക്കണമെങ്കിൽ ആദ്യം ആരോപണങ്ങളിൽ അഗ്നിശുദ്ധി വരുത്തണം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് 12 ദിവസം വിട്ടുനിന്ന ശേഷം തൃശൂരിൽ ഒന്നേകാൽ മണിക്കൂർ നീണ്ട പ്രസംഗത്തിലുടെ ജയരാജൻ മുഖ്യമന്ത്രിയെ പ്രശംസ കൊണ്ട് പുമൂടൽ നടത്തിയത് ഗത്യന്തരമില്ലാതെയാണ്. ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ടിലേക്ക് ആദായനികുതി വകുപ്പും ഇ.ഡിയും എത്തുകയും വൈദേകത്തിൽ നടന്ന ക്രമക്കേടുകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണമെന്ന യൂത്ത് കോൺഗ്രസിന്റെ നിവേദനം മുഖ്യമന്ത്രിക്കു ലഭിക്കുകയും ചെയ്തപ്പോൾ മറ്റൊരു വഴിയും മുന്നിലില്ല.

ലാവ്‌ലിൻ അഴിമതി, സ്വർണക്കടത്ത്, ഡോളർ കടത്ത്, ആഴക്കടൽ കൊള്ള, സ്പ്രിൻക്ലർ ഇടപാട്, പമ്പാ മണൽ കടത്ത്, ഇ-മൊബിലിറ്റി തട്ടിപ്പ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ പ്രതിക്കൂട്ടിലാണ് മുഖ്യമന്ത്രി. കണ്ണൂരിൽ നൂറിലധികം യുവാക്കളെ കൊന്നൊടുക്കിയതിന്റെ രക്തം സി.പി.എം നേതാക്കളുടെ കൈകളിലുണ്ട്. രക്തക്കറ പുരണ്ട ഇവരൊന്നും നാടിന്റെ ഐശ്വര്യമല്ല, ശാപമാണെന്ന്

സുധാകരൻ പറഞ്ഞു.