കീ ബോർഡ് വായിക്കാൻ യാസിന് കൈവിൽവേണ്ട!

Tuesday 07 March 2023 12:57 AM IST
കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ സംഘടിപ്പിച്ച തളിർക്കൂട്ടം 2023-ൽ പങ്കെടുത്ത് മുഹമ്മദ് യാസിൻ കീബോർഡ് വായിക്കുന്നു

തൊടിയൂർ: ജന്മനാകൈകാലുകളില്ലാത്ത മുഹമ്മദ് യാസിന് ഇപ്പോൾ പത്തുവയസുണ്ട്. എന്നാൽ,​ അതിലേറെ തിളക്കത്തിലാണ് ഈ കൊച്ചുമിടുക്കൻ. മുട്ടോളമുള്ള കൈകൊണ്ട്

ശ്രുതിമധുരമായി കീബോർഡ് വായിക്കും. താടിയെല്ലിനും നെഞ്ചിനും ഇടയിൽ പെൻസിൽ തിരുകിയ സുന്ദരങ്ങളായ ചിത്രങ്ങൾ വരയ്ക്കും. പത്ത് വിരലുകൾ ഉപയോഗിച്ചാലും പത്തുവയസുകാരന് വഴങ്ങാത്ത സംഗീതത്തെ കൈമുട്ട് കൊണ്ട് വരുതിയിലാക്കാൻ യാസിൻ മിടുക്കനാണ്.

തളർന്ന് കിടക്കുന്ന വലുതുകാൽ

കീബോർഡ് വായിക്കുന്നവരെല്ലാം അതിനായി പത്ത് വിരലുകളും ഉപയോഗിക്കുമ്പോൾ യാസിൻ തൻ്റെ മുട്ടോളമുള്ള വലത് കൈ

ഉപയോഗിച്ചാണ് ഈ സംഗീതോപകരണത്തിലൂടെ ഗാനങ്ങളാലപിക്കുന്നത്. കാലുകളുടെ കാര്യത്തിലും യാസിന് പരിമിതിയുണ്ട്. പൂർണ വളർച്ചിയില്ലാത തളർന്ന് കിടക്കുന്ന വലുതുകാൽ ഉണ്ടെന്ന് മാത്രം. എന്നാൽ ഈപരിമിതികളൊന്നും ചിത്രം വരയ്ക്കുന്നതിനും കീബോർഡ് വായിക്കുന്നതിനും മുഹമ്മദ് യാസിന് തടസമാകുന്നില്ല.താടിയെല്ലിനും നെഞ്ചിനും ഇടയിൽ തിരുകിയ പെൻസിൽ ഉപയോഗിച്ച് ഈ കുട്ടി ചിത്രരചന നടത്തുന്നുണ്ട് .മൂന്നു വയസു പ്രായമുള്ളപ്പോൾ മുതൽ ടിവിയിലും മറ്റും കേൾക്കുന്ന പാട്ടുകൾക്കൊപ്പം താളം പിടിക്കുകയും ശരീരം ചലിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ തുടർന്ന് നൽകിയ പ്രോത്സാഹനമാണ് യാസിനിലെ കലാകാരനെ രൂപപ്പെടുത്തിയത്.നിരവധി വേദികളിൽ ഇതിനകം പരിപാടികളവതരിപ്പിച്ചിട്ടുണ്ട് . വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പങ്കെടുത്ത വേദിയിൽ യു. പ്രതിഭ എം.എൽ.എ യാസിനെ മന്ത്രിക്ക് പരിചയപ്പെടുത്തി. യാസിൻ്റെ പ്രകടനം കണ്ട മന്ത്രി അദ്ദേഹത്തിൻ്റെ ഫേസ്ബുക്കിൽ അഭിനന്ദനക്കുറിപ്പിട്ടു.മന്ത്രി സജി ചെറിയാനും സംഗീത സംവിധായകൻ രതീഷ് വേഗയും യാസിൻ്റെ പ്രകടനം കണ്ട് അഭിനന്ദിച്ചു. കഴിഞ്ഞ ദിപ്പബ്ലിക് ദിനത്തിൽ കണ്ണ് കെട്ടി കീബോർഡിൽ ദേശീയ ഗാനം ആലപിച്ച മുഹമ്മദ് യാസിൻ ഇന്ത്യാബുക്ക് ഒഫ് റിക്കാർഡ്സിൽ ഇടം നേടിയിട്ടുണ്ട്. ഓച്ചിറ പ്രയാർ പുതുപള്ളി എസ്.എസ്.മൻസിലിൽ ധനകാര്യ സ്ഥാപനത്തിലെ ഓഡിറ്ററായ ഷാനവാസിൻ്റെയും ഷൈലയുടെയും മൂത്ത മകനായ യാസിൻ.പുതുപ്പള്ളി കെ.എൻ.എം.ജി.യു.പി.എ സി ലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. മൂന്നാം ക്ലാസ് വിദ്യാർത്ഥി അൽഅമീൻ സഹോദരനാണ്. സമീപത്തെ സ്കൂളിൽ കമ്പ്യൂട്ടർ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ഷൈല മകൻ്റെ പരിചരണത്തിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. മതിയായ പ്രോത്സാഹനം ലഭിച്ചിൽ കീബോർഡിൽ അത്ഭുതം സൃഷ്ടിക്കാൻ ഈ കുട്ടിക്ക് കഴിഞ്ഞേക്കും.