ഡി.വൈ.എഫ്.ഐക്കാർ കറങ്ങി നടന്നിട്ടും അറസ്റ്റില്ലാത്തതിൽ അന്വേഷണം
കൊല്ലം: യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐക്കാർ പരസ്യമായി കറങ്ങി നടന്നിട്ടും അറസ്റ്റ് ചെയ്യാത്തതിൽ കമ്മിഷണറോട് പൊലീസ് ആസ്ഥാനത്ത് നിന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പ്രതികൾ പൊലീസ് ഒത്താശയോടെ കറങ്ങിനടക്കുന്നത് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് നടപടി. യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ ഡി.വൈ.എഫ്.ഐ നേതാക്കൾ രാത്രി സമയങ്ങളിൽ യൂത്ത് സെന്ററിൽ ഒളിച്ചിരുന്ന ശേഷം പകൽ സമയങ്ങളിൽ പൊതുപരിപാടികളിൽ അടക്കം സംഘടിതമായി പങ്കെടുക്കുകയാണ്.
ഇവർ പലയിടങ്ങളിലും നിൽക്കുന്ന വിവരം സ്പെഷ്യൽ ബ്രാഞ്ചുകാരെയും ഉയർന്ന ഉദ്യോഗസ്ഥരെയും കോൺഗ്രസ് പ്രവർത്തകർ അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല. അതേസമയം, സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ എല്ലാവരും ഒളിവിലാണെന്ന മറുപടിയാണ് നൽകുന്നത്. ഇതിനെ തുടർന്നാണ് വിഷ്ണു സുനിൽ ഡി.ജി.പിക്ക് പരാതി നൽകിയത്.
പ്രതികൾ രാത്രി സമയത്ത് ഒളിവിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട് യൂത്ത് സെന്ററിൽ അറസ്റ്റ് ചെയ്യാൻ പോയ കൊല്ലം ഈസ്റ്റ് സി.ഐയെയും എസ്.ഐയെയും സ്ഥലം മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ സ്ഥലം മാറ്റം ഭയന്ന് പ്രതികൾ മുന്നിൽപ്പെട്ടാലും പല ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയാണ്. ഒരു സംഘം ഉദ്യോഗസ്ഥർ യൂത്ത് സെന്ററിലേക്ക് പോകുന്ന വിവരം ഈസ്റ്റ് സ്റ്റേഷനിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഡി.വൈ.എഫ്.ഐക്കാർക്ക് ചോർത്തി നൽകി പ്രദേശത്ത് പൊലീസിനെതിരെ ആൾക്കൂട്ടത്തെ അണിനിരത്തിയെന്നും പരാതിയുണ്ട്.
സുഖവാസം അന്വേഷിക്കാൻ ഉത്തരവ്
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉൾപ്പെടെയുള്ളവരെ ആക്രമിച്ച കേസിൽ വധശ്രമ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ജില്ലാ ജയിലിൽ സുഖവാസം നൽകുന്നുവെന്ന പരാതി അന്വേഷിക്കാൻ ജയിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഡി.ഐ.ജി എം.കെ. വിനോദ് കുമാർ ഉത്തരവിട്ടു.
മേഖല ഡി.ഐ.ജി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. മേഖല ഡി.ഐ.ജി നിർമ്മലാനന്ദൻ നായർ അവധിയിൽ ആയതിനാൽ പകരം ചുമതലയുള്ള സെൻട്രൽ ജയിൽ സൂപ്രണ്ട് സത്യരാജ് ആയിരിക്കും അന്വേഷിക്കുക. ഡി.വൈ.എഫ്.ഐ നേതാക്കൾ ജയിലിലെത്തി പത്ത് ദിവസത്തോളം കഴിഞ്ഞിട്ടും അഡ്മിഷൻ സെല്ലിൽ നിന്ന് മാറ്റിയില്ലെന്നു, ജയിലിലെ മറ്റ് അന്തേവാസികൾക്ക് കൊടുക്കുന്ന ഭക്ഷണത്തിനു പകരം പുറത്ത് നിന്ന് ഭക്ഷണവും ലഹരിവസ്തുക്കളും ഫോണും എത്തിക്കുന്നുവെന്നായിരുന്നു വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതി.
പ്രതികളെ അഡ്മിഷൻ സെല്ലിൽ നിന്ന് മാറ്റി
വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതിക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ നേതാക്കളെ വി.ഐ.പി സെൽ എന്നറിയപ്പെടുന്ന അഡ്മിഷൻ സെല്ലിൽ നിന്ന് കഴിഞ്ഞ ദിവസം മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ചില പ്രതികളും വിഷ്ണുസുനിലിന്റെ പരാതി ശരിവച്ച് രംഗത്തെത്തി.