കൊല്ലം ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ഭൗതികദേഹം കബറടക്കി

Tuesday 07 March 2023 1:00 AM IST

കൊല്ലം: കൊല്ലം രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ഭൗതിക ദേഹം തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ കബറടക്കി. രാവിലെ 10ന് ആരംഭിച്ച ദിവ്യബലിക്ക് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യ കാർമ്മികത്വം വഹിച്ചു. കെ.സി.ബി.സി പ്രസിഡന്റ്‌ കർദിനാൾ മോർ ബസേലിയോസ്‌ ക്ലിമ്മീസ് കാതോലിക്കാ ബാവ അനുസ്മരണ പ്രസംഗം നടത്തി. തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിലായിരുന്നു കബറടക്ക ശുശ്രൂഷ. വാരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ബിഷപ്പ് ഡോ. സൂസപാക്യം, ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ, പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ, ആലപ്പുഴ ബിഷപ്പ് ഡോ.ജെയിംസ് ആനാപ്പറമ്പിൽ, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ബിഷപ്പ് മാർ പൗളി കണ്ണൂക്കാടൻ, ഡോ. ക്രിസ്തുദാസ് രാജപ്പൻ, ഡോ. പീറ്റർ റമജിയസ്, ഡോ. സ്റ്റാൻലി റോമൻ, വികാർ ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ എന്നിവർ ദിവ്യബലിയിൽ കാർമ്മികത്വം വഹിച്ചു. ഫാ. സേവ്യർ ലാസർ നന്ദി പറഞ്ഞു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ, സജി ചെറിയാൻ ആന്റണി രാജു എന്നിവർ റീത്തുകൾ സമർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ അഫ്‌സാന പർവീൺ പുഷ്പചക്രം അർപ്പിച്ചു.