ധന്യമുഹൂർത്തം ആഗതമായി, ആറ്റുകാലിൽ പണ്ടാരയടുപ്പിൽ അഗ്നിപകർന്നു: നാരീലക്ഷങ്ങൾ പൊങ്കാലയിടുന്നു

Tuesday 07 March 2023 10:46 AM IST

തിരുവനന്തപുരം: നാരീലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോകപ്രശസ്‌തമായ ആറ്റുകാൽ പൊങ്കാലയ‌്ക്ക് പണ്ടാരയടുപ്പിൽ തിരിതെളിഞ്ഞു. പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ധന്യമുഹൂർത്തമായ 10.30ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലിൽ നിന്ന് പകർന്ന് നൽകിയ ദീപത്താൽ മേൽശാന്തി പി.കേശവൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചു. തുടർന്ന് സഹ മേൽശാന്തി പണ്ടാര അടുപ്പിലേക്ക് അഗ്നി തെളിയിക്കുകയായിരുന്നു.

പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്ന് അനന്തപുരി യാഗഭൂമിയായി മാറിക്കഴിഞ്ഞു. വെള്ളപ്പൊങ്കൽ,​ കടും പായസം,​ തെരളി,​ മണ്ടയപ്പം... അമ്മയുടെ ഇഷ്ട വിഭവങ്ങൾ ഒന്നൊന്നായി ഒരുങ്ങുകയാണ്. ഉച്ചയ‌്ക്ക് 2.30നാണ് നിവേദ്യം. നിവേദ്യ സമയത്ത് തീർത്ഥം തളിക്കാൻ 300 ശാന്തിക്കാരെ ക്ഷേത്രം ഏർപ്പാടാക്കിയിട്ടുണ്ട്. മൂന്ന് സെസ്‌ന വിമാനത്തിൽ നിന്ന് ഈ നേരം പുഷ്പവൃഷ്ടിയുണ്ടാകും.

ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ നാൾ തൊട്ട് വ്രതമനുഷ്ഠിച്ച് ശുദ്ധിനേടിയ ശരീരവും മനസുമായാണ് ഭക്തരുടെ വരവ്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളുമൊക്കെ കൈയടക്കി. തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്ത‌ർ എത്തിയിട്ടുണ്ട്. കൂടാതെ വിദേശികളും.

ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും മത്സരിക്കുകയാണ്. എല്ലാം മംഗളമാക്കാൻ പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയുമൊക്കെ സർവസജ്ജവുമാണ്. രാത്രി 7.45ന് കുത്തിയോട്ടത്തിന് ചൂരൽക്കുത്ത് ആരംഭിക്കും. തുടർന്ന് 10.15ന് ദേവിയെ പുറത്തെഴുന്നള്ളിക്കും.