വേദനകൾ കുഴി വെട്ടി മൂടി ശക്തിയാർജിച്ച് ബേബി

Wednesday 08 March 2023 12:37 AM IST

വൈപ്പിൻ: 'കുഴി വെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്ക് നമ്മൾ' എന്ന കവി വാക്യം അക്ഷരാർത്ഥത്തിൽ തന്നെ ജീവിതത്തിൽ നടപ്പാക്കിയ സ്ത്രീയാണ് പള്ളിപ്പുറം പാത്രക്കടവിൽ ബേബി മറിയം പുഷ്‌കിൻ. അമ്മ മറി​യയുടെ ഗർഭപാത്രത്തിലിരിക്കെ പിതാവ് മരണമടഞ്ഞു.

പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനായി​ അമ്മാവൻ ഔസേപ്പുട്ടിയുടെ സഹായി​യായാണ് മറി​യം മകളെ വളർത്തി​യത്. ആസ്മ രോഗത്താൽ അമ്മ വലഞ്ഞപ്പോൾ 17-ാം വയസി​ൽ ബേബി സെമി​ത്തേരി​യി​ലേക്കി​റങ്ങി​. ഒറ്റയ്ക്കും കുഴിവെട്ട് ജോലി ഏറ്റെടുത്തു. ഏഴ് രൂപ യായി​രുന്നു ഒരു കുഴി​ക്ക് കൂലി​.

എമ്പാം ചെയ്ത മൃതദേഹം അടക്കി​യ കല്ലറ രണ്ട് വർഷം അഴുകാത്ത ജഡം കണ്ട് അലറി​വി​ളി​ച്ച് ഓടിയ അനുഭവവും ബേബിക്കുണ്ട്. മരിച്ചവരെ ഇപ്പോൾ ബേബി ഭയപ്പെടാറില്ല.

ഇതിനിടെ പുഷ്‌കിൻ എന്ന യുവാവിന് ബേബിയോട് പ്രണയമായി. സാമാന്യം സമ്പത്തുള്ള ഹിന്ദു കുടുംബത്തിൽപ്പെട്ട പുഷ്‌കിന്റെ പ്രണയം വീട്ടുകാർ അംഗീകരിച്ചില്ല. തുടർന്ന് മതംമാറി​ ബേബിയെ ജീവിതസഖിയാക്കി. വടക്കേക്കര സഹകരണ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുനമ്പം മിനി ഫിഷിംഗ് ഹാർബറിൽ ജോലിക്കാരനായ പുഷ്‌കിൻ 10 വർഷം മുൻപ് മരണമടഞ്ഞു.

ബേബിക്ക് സഹോദരൻമാരില്ല. മക്കളുമില്ല. പള്ളിപ്പുറം കോൺവെന്റിന് സമീപം പള്ളി നൽകിയ 2 സെന്റ് സ്ഥലത്തോടൊപ്പം അര സെന്റ് സ്വന്തമായി വാങ്ങി അവിടെ വീട് വെച്ച് സഹോദരിയുടെ മകനോടൊപ്പം താമസിക്കുകയാണ് ബേബി. 47 വർഷമായി ചെയ്തു പോരുന്ന കുഴി വെട്ട് 64 -ാം വയസിലും തുടരുന്നു. ഇപ്പോൾ 2000 രൂപയാണ് കൂലി. ആദ്യ കാലങ്ങളിൽ നാട്ടുകാരുടെ വെറുപ്പും അധിക്ഷേപവുമൊക്കെ സഹിക്കേണ്ടി​ വന്നു. കാലം മാറിയപ്പോൾ അത് സ്‌നേഹവും ബഹുമാനവുമൊക്കെയായി​. വയസ് കാലത്ത് ഈ ജോലി തുടരാൻ പ്രചോദനവും ഈ പരി​ഗണന തന്നെയാണ്.