വയസ് 71: ആദ്യ കവിതാസമാഹാരം പുറത്തിറക്കി സതി മുത്തശ്ശി
കൊച്ചി: ഭർത്താവ് അറിയപ്പെടുന്ന സാംസ്‌കാരികപ്രവർത്തകനും മകൾ എഴുത്തുകാരിയുമാണെങ്കിലും 71-ാം വയസിലാണ് സതി സുധാകരൻ ആദ്യത്തെ കവിതാസമാഹരം പ്രസിദ്ധീകരിച്ചത്. കഥാസമാഹാരവും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് ഓൺലൈൻ എഴുത്തുസംഘങ്ങളിൽ സജീവമായ സതി സുധാകരൻ എന്ന മുത്തശ്ശി.
വൈറ്റില പുന്നുരുന്നി സ്വദേശിനിയായ സതി സുധാകരന്റെ 'ആറുമാസപ്പൂവ് " കവിതാസമാഹരം കഴിഞ്ഞ ദിവസം വൈറ്റില ശ്രീനാരായണേശ്വര ക്ഷേത്ര മുറ്റത്ത് പ്രകാശനം ചെയ്തു.
വൈറ്റില പുന്നുരുന്നി സ്വദേശി പരേതനായ സുധാകരനാണ് ഭർത്താവ്. രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തനങ്ങളിൽ മുമ്പന്തിയിലായിരുന്ന അദ്ദേഹത്തെ 'ഓപ്പ" എന്നാണ് പുന്നുരുന്നിക്കാർ വിളിച്ചിരുന്നത്. കഥയും കവിതയും ലേഖനങ്ങളും എഴുതിയിരുന്നെങ്കിലും പ്രസിദ്ധീകരിക്കാൻ താല്പര്യമില്ലായിരുന്നു. ഭാര്യയും മക്കളും സുഹൃത്തുക്കളും വായിച്ച് പറയുന്ന അഭിപ്രായത്തിൽ തൃപ്തനായിരുന്നു അദ്ദേഹം. പുന്നുരുന്നി ഗ്രാമീണ വായനശാലയുടെ തുടക്കക്കാരിൽ ഒരാളുമായിരുന്നു.
2018ൽ ഭർത്താവ് മരിച്ചപ്പോഴാണ് എഴുതണമെന്ന മോഹം സതിയിൽ ശക്തമായത്. മനസിൽ തോന്നിയതൊക്കെ കുത്തിക്കുറിച്ചു. മക്കൾക്കും കൂട്ടുകാർക്കും വായിക്കാൻ നൽകി. സാമൂഹികമാദ്ധ്യമങ്ങളിലെ എഴുത്ത് ഗ്രൂപ്പുകളിൽ 30ലേറെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. മൂന്ന് സമാഹാരങ്ങളിൽ മറ്റുള്ളവരുടെ കവിതകൾക്കൊപ്പം സതിയുടെ രചനകളും ഇടംപിടിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു.
മകൾ സ്വപ്ന എം.എസ് കവിതാസമാഹാരമായ 'ഓട്ടുവിളക്ക്" കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ചു. തനിക്കും ആയിക്കൂടേയെന്ന ആലോചനയിൽ കുടുംബവും സുഹൃത്തുക്കളും ഒപ്പംനിന്നതോടെ കാര്യങ്ങൾ വേഗത്തിലായി. 55 സ്വന്തം കവിതകളും ഭർത്താവ് സുധാകരന്റെ മൂന്നു കവിതകളും ഉൾപ്പെടുത്തി 72 പേജുള്ള പുസ്തകം എ.പി.എസ് ബുക്സാണ് പ്രസിദ്ധീകരിച്ചത്.
അമ്പതോളം കഥകളും എഴുതിയിട്ടുണ്ടെന്ന് സതി പറഞ്ഞു. കഥാസമാഹാരം പുറത്തിറക്കലാണ് അടുത്ത ലക്ഷ്യം. മൂന്നു മാസത്തിനകം പ്രകാശനം ചെയ്യും.
പെരുമ്പാവൂർ ജയകേരളം സ്കൂളിൽ പഠിക്കുമ്പോൾ വായന ശീലിച്ചതാണ്. ഭർതൃവീട്ടിലും നിറയെ പുസ്തകങ്ങൾ. ധാരാളം വായിച്ചു. വായനയിലൂടെ ലഭിച്ചതും ജീവിതത്തിൽ കണ്ടതും പ്രകൃതിയുമാണ് മുത്തശ്ശിക്കാലത്തും എഴുത്തിന് വിഷയമാക്കുന്നത്.
മക്കളായ സ്വപ്ന എം.എസും സുമോദും രണ്ടു ചെറുമക്കളുമുൾപ്പെട്ടതാണ് സതി സുധാകരന്റെ കുടുംബം.