ഇരട്ട,​ നെല്ല് ജോയിസിയും പച്ചക്കറി ജാൻസിയും

Wednesday 08 March 2023 4:46 AM IST

പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഒാഫീസിലെ ഡെപ്യൂട്ടി ഡയറക്ടർമാർ

പത്തനംതിട്ട:പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഒാഫീസിൽ നെല്ലെന്ന് വിളിച്ചാൽ ജോയിസി ചിരിക്കും. പച്ചക്കറി എന്ന് വിളിച്ചാൽ ജാൻസിയും. ഇരട്ടകളാണ്. ജോയിസി എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിംഗ് ഡെപ്യൂട്ടി ഡയറക്ടർ. ജാൻസി ഹോർട്ടിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ. ആള് മാറാതിരിക്കാൻ സഹപ്രവർത്തകർ സ്നേഹത്തോടെ വിളിക്കുന്നതാണ് നെല്ലെന്നും പച്ചക്കറിയെന്നും. കൃഷിയിൽ തൽപ്പരരാണ് ഇരുവരും. ജോയ്സിക്ക് നെൽകൃഷി. ജാൻസിക്ക് പച്ചക്കറി.

ജീവനക്കാർക്ക് ആള് മാറാതിരിക്കാനും ഫയലുകൾ മാറിപ്പോകാതിരിക്കാനും ഇരുവരെയും മാറ്റി ഇരുത്തിയിരിക്കുകയാണ്. അപേക്ഷ നൽകാനും മറ്റും എത്തുന്ന ജനങ്ങൾക്ക് ആളുമാറി അമളി പറ്റിയിട്ടുണ്ട്.

പത്തനംതിട്ട നന്നുവക്കാട് എം.എസ്.എൽ.പി സ്‌കൂളിൽ മുതൽ എം.എസ്.സി അഗ്രികൾച്ചർ വരെ ഇരുവരും ഒരു ക്ലാസിൽ പഠിച്ചു. മാർത്തോമ ഹൈസ്കൂളിൽ എസ്.എസ്.എൽ.സി. കാതോലിക്കേറ്റ് കോളേജിൽ പ്രീഡിഗ്രി. അലഹബാദ് കാർഷിക സർകലാശാലയിൽ ബി.എസ്.സി അഗ്രിക്കൾച്ചറൽ സയൻസിന് എൻട്രൻസ് ഒരുമിച്ച് ജയിച്ചു.

1992ൽ രണ്ടു പേരും കൃഷി ഒാഫീസർമാരായി. ജോയ്സി കാസർകോട് നീലേശ്വരം കൃഷി ഒാഫീസിലും ജാൻസി കോഴിക്കോട് കൊടുവള്ളിയിലും തുടക്കം. തുടർന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും കൃഷി ഒാഫീസർമാരായി. 2021ലാണ് പത്തനംതിട്ടയിൽ ഡെപ്യൂട്ടി ഡയറക്ടർമാരായി എത്തിയത്. ഇൗ വർഷം ഡിസംബറിൽ വിരമിക്കും.

പത്തനംതിട്ട നഗരത്തിൽ കോട്ടൂരേത്ത് കാെച്ചുപുരയ്ക്കൽ സ്വാതന്ത്ര്യ സമര സേനാനി കെ.സി കോശിയുടെയും ഏലിയാമ്മയുടെയും ആറു മക്കളിൽ ഇളയവരാണ് ഇൗ ഇരട്ടകൾ. ആലപ്പുഴ ആനപ്രാമ്പാൽ ജെ.എം.എം മന്ദിരത്തിൽ റവ. ഡോ. ഡാനിയേൽ മാമ്മനാണ് ജോയിസിയുടെ ഭർത്താവ്. മൂന്ന് മക്കൾ. കോട്ടയം സി.എം.എസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ജോയി സാം ഡാനിയേലാണ് ജാൻസിയുടെ ഭർത്താവ്. രണ്ടു മക്കൾ.

ഇരട്ട പൊല്ലാപ്പുകൾ

പ്രീഡിഗ്രിക്ക് കാതോലിക്കേറ്റ് കോളേജിൽ പ്രാക്ടിക്കൽ പരീക്ഷ ആദ്യ ദിവസം ജോയിസിക്കായിരുന്നു. പിറ്റേന്ന് അതേ ലാബിൽ അതേ അദ്ധ്യാപകന്റെ മുൻപിൽ ജാൻസിയെത്തി. തലേന്നു വന്ന കുട്ടി പിറ്റേന്നും വന്നെന്ന് പറഞ്ഞ് അദ്ധ്യാപകൻ വിലക്കി. മറ്റൊരു കോളേജിൽ നിന്ന് വന്നതായിരുന്നു അദ്ധ്യാപകൻ. കോളേജ് അധികൃതർ ഇടപെട്ടിട്ടും അദ്ധ്യാപകൻ പിൻമാറിയില്ല. ഒടുവിൽ, വീട്ടിൽ നിന്ന് ജോയിസിയെ കോളേജിൽ വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ഏഴാം ക്ളാസിൽ കുസൃതി കാട്ടിയതിന് ജാൻസിയെ അദ്ധ്യാപകൻ വൈകുന്നേരം വരെ എഴുന്നേൽപ്പിച്ച് നിറുത്തി. കുറേ കഴിഞ്ഞപ്പോൾ ജാൻസി ബഞ്ചിലിരുന്നു. ജോയിസി എഴുന്നേറ്റു നിന്നു. അദ്ധ്യാപകൻ ഇടയ്ക്കിടെ പരിശോധിച്ചെങ്കിലും ആൾമാറാട്ടം മനസിലായില്ല.