സിന്ധുവിന്റെ ജീവിതം ഡബിൾബെൽ മുഴക്കത്തിൽ

Wednesday 08 March 2023 12:01 AM IST

പത്തനംതിട്ട : വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ സഞ്ചരിക്കുന്ന മലയാലപ്പുഴ തലച്ചിറ കൊച്ചുപ്ലാവ് നിൽക്കുന്നതിൽ സി.എസ്.സിന്ധു മാതൃകയാണ്. ജില്ലയിലെ സ്വകാര്യ ബസിൽ ജോലിചെയ്യുന്ന ഏക വനിതാ കണ്ടക്ടറാണിവർ. പത്ത് വർഷം മുൻപ് തിരിഞ്ഞെടുത്ത ഈ ജോലിയിൽ ഒരിക്കൽപ്പോലും മടുപ്പ് തോന്നിയിട്ടില്ലെന്ന് സിന്ധു പറയുന്നു. ആണുങ്ങൾ മാത്രം ജോലി ചെയ്യുന്ന ഇടത്തിലേക്ക് യാതൊരുസങ്കോചവും കൂടാതെയാണ് കടന്നുചെന്നത്. ഇഷ്ടമുളള ജോലി ചെയ്യുന്നതിന് ഭർത്താവ് സജിക്കും സമ്മതമായിരുന്നു. ഏഴ് വർഷം മുൻപ് ഭർത്താവ് മരിക്കുമ്പോൾ മക്കളായ സജിന പ്ലസ്ടുവിനും സിജിന പത്തിലും പഠിക്കുകയായിരുന്നു. ഇപ്പോൾ 875 രൂപയാണ് ഒരു ദിവസത്തെ വേതനം. മൂത്തമകൾ ബി.എസ് സി എം.എൽ.ടി വരെ പഠിപ്പിച്ചതും തുടർന്ന് വിവാഹത്തിനുളള പണം കണ്ടെത്തിയതുമെല്ലാം ഈ ജോലിയിൽനിന്നാണ്. ഇളയമകൾ സിജിന ഡിഫാം അവസാന വർഷ വിദ്യാർത്ഥിയാണ്. ജോലിക്ക് പോകുന്ന ദിവസങ്ങളിൽ പുലർച്ചെ 4ന് ഉണരുന്ന സിന്ധു വീട്ടിലെ കാര്യങ്ങളെല്ലാ ചെയ്തു തീർത്തശേഷം ഉച്ചക്ക് കഴിക്കാനുളള ഭക്ഷണവും തയ്യാറാക്കിയാണ് ഇറങ്ങുന്നത്.

ആണുങ്ങൾ മാത്രമുളള ഇടമാണെങ്കിലും ജോലിക്കിടയിൽ തനിക്ക് ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്ന് സിന്ധു പറഞ്ഞു. മാത്രമല്ല സഹജീവനക്കാരുടെയും സ്ഥിരം യാത്രക്കാരായ ചിലരുടെയും സഹായവും സിന്ധുവിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട - റാന്നി റൂട്ടിലോടുന്ന ആദിത്യദേവ് എന്ന ബസിലാണ് സജിന ജോലിനോക്കുന്നത്.