എന്ത് കാട്ടാന, കാടിനെ കാക്കാൻ സിന്ധുവുണ്ട്

Wednesday 08 March 2023 12:03 AM IST

കോന്നി : കാട്ടാനയുടെ ആക്രമണത്തിന് മുന്നിൽ തോൽക്കാത്ത മനോവീര്യവുമായി കാടിനെ കാക്കുകയാണ് വനംവകുപ്പിലെ വാച്ചർ കൊക്കാത്തോട് ശ്രീശൈലത്തിൽ എം.സിന്ധു (41). വനത്തിൽ കാട്ടാനയുടെ കാലുകൾക്കിടെ ഞെരിഞ്ഞമർന്ന ജീവിതം തിരികെപിടിച്ച സിന്ധുവിനെ ഇന്ന് വനിതാദിനത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിലെ 30 വനിതാഗൈഡുകൾ ആദരിക്കും. മരണം കാട്ടാനയുടെ രൂപത്തിൽ മുന്നിലെത്തിയ കഥ ഓർത്തെടുക്കുകയാണ് വനംവകുപ്പിൽ ആദിവാസി മേഖലയിൽ നിന്ന് വാച്ചർ തസ്തികയിൽ (സ്പെഷൽ റിക്രൂട്ട്മെന്റ്) നിയമനം ലഭിച്ച ആദ്യബാച്ചിലെ അംഗമായ വനിതാ ഫോറസ്റ്റ് വാച്ചർ സിന്ധു.

2021 ഓഗസ്റ്റ് 28, കോന്നി വനം ഡിവിഷനിലെ രണ്ടായിരത്തി ഒൻപത് കൂപ്പ് ഭാഗം.

വനപാലക സംഘത്തോടൊപ്പം ആദിച്ചൻപാറ വനത്തിൽ രാത്രിഡ്യൂട്ടിക്കു ശേഷം കാടിറങ്ങുകയായിരുന്നു. തേക്കുതോട്ടത്തിൽ പതുങ്ങി നിന്ന മോഴയാന പൊടുന്നനെ സംഘത്തിനു നേരെ പാഞ്ഞടുത്തു. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഒരു വനപാലകൻ വീണുകിടന്ന തടിയുടെ അടിയിൽ അകപ്പെട്ടു. വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ ആന പിന്തിരിഞ്ഞു. ആനയെ നോക്കി ഓടുകയായിരുന്ന സിന്ധു കാൽതെറ്റി വീണു. പിന്നാലെയെത്തിയ ആന മുൻകാൽ ഉയർത്തി സിന്ധുവിനെ ചവിട്ടാനാഞ്ഞു. ചവിട്ടേൽക്കുമെന്ന് ഉറപ്പിച്ച നിമിഷം ഉരുണ്ടു മാറി. അപ്പോഴേക്കും കാട്ടാനയുടെ മുൻകാൽ നിലത്തുപതിച്ചിരുന്നു. സിന്ധുവിന്റെ ഇടതു നെഞ്ച് ചേർന്നുരഞ്ഞാണ് കാൽ നിലംതൊട്ടത്. ആനയുടെ മുൻകാലുകൾക്കിടയിലായിരുന്ന സിന്ധുവിന്റെ 6 വാരിയെല്ലുകൾ ഒടിഞ്ഞു. മരണം മുന്നിൽ കണ്ട നിമിഷം. കരച്ചിൽ അടക്കിപ്പിടിച്ച് അനങ്ങാതെ കിടന്നു. മരിച്ചെന്നു കരുതിയാകണം തുമ്പിക്കയ്യിൽ തൂക്കിയെടുക്കാൻ ആന ശ്രമിച്ചില്ല. പലതവണ തൊഴിച്ചു മറി‍ച്ചു. എന്നിട്ടും അനക്കമില്ലാതിരുന്നത് കൊണ്ടാകണം ചിന്നംവിളിച്ചുകൊണ്ട് കാട്ടാന കാടുകയറി. തുടർന്ന് വനംവകുപ്പ് വാഹനത്തിൽ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശ്വസിക്കാൻ പ്രയാസം നേരിട്ട സിന്ധുവിനെ ഉടൻ കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. പിന്നീട് 15 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ. അൽപം നടക്കാമെന്നായപ്പോൾ വീട്ടിലേക്ക് മടങ്ങി. ഭർത്താവ് എസ്.ശ്രീജേഷും ബിരുദ വിദ്യാർത്ഥികളായ സുധിനും ബിബിനും അടങ്ങുന്നതാണ് സിന്ധുവിന്റെ കുടുംബം.