മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആറുനില കെട്ടിടം എവിടെ ?
മല്ലപ്പള്ളി : കിഫ്ബിയിലൂടെ ആശുപത്രിയുടെ അടിസ്ഥാനവികസനത്തിന് 43 കോടി രൂപ, 131 കിടക്കകളോടു കൂടിയ ആറുനില കെട്ടിടം... വലിയ പ്രതീക്ഷകൾ പകർന്നുകൊണ്ടായിരുന്നു മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ പഴയ ഏഴ് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയത്. എന്നാൽ ഇപ്പോൾ ഒറ്റാലിൽ കിടന്നതും ഇല്ല , വടക്കുനിന്ന് വന്നതും പോയി എന്ന അവസ്ഥയിലായി കാര്യങ്ങൾ. 2019 മെയ് 28നാണ് കെട്ടിടനിർമ്മാണത്തിന് സർക്കാർ അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ മണ്ണ് പരിശോധനയും സാങ്കേതികസമിതി പരിഗണിച്ച രൂപരേഖയ്ക്ക് തിരുത്തലുകളും നടത്തിയിരുന്നു. ഹരിതചട്ടങ്ങൾ പാലിക്കുന്നതിനായി എസ്റ്റിമേറ്റ് നവീകരിച്ച് പുതിയ നിരക്കുകൾ ഉൾപ്പെടുത്തി. നിർമ്മാണം 2021 നവംബറിൽ തുടങ്ങുന്നതിന് ഉന്നത സമിതി യോഗം തീരുമാനമെടുത്തു. പഴയ ഏഴ് കെട്ടിടങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ പൊളിച്ചുനീക്കി കെട്ടിടങ്ങൾക്കായി സ്ഥലംഒരുക്കി. എന്നാൽ കെട്ടിട നിർമ്മാണം മാത്രം തുടങ്ങിയില്ല. കാത്തിരിപ്പ് നീളുകയാണ്.
പ്രഖ്യാപനം ഇങ്ങനെ
6 നിലകളിലുള്ള കെട്ടിടം, 7781ചതുരശ്ര മീറ്റർ ചുറ്റളവ്, 131കിടക്കകൾ, താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ശസ്ത്രക്രിയ ഹാളും , ഒന്നാംനിലയിൽ ഒ.പി വിഭാഗവും ഡോക്ടർമാർക്കുള്ള പരിശോധന മുറികളും ഡയാലിസിസ് യൂണിറ്റും.
വിവിധവാർഡുകൾ, തീവ്രപരിചരണ വിഭാഗം, പ്രസവമുറി, രക്തബാങ്ക്, ലാബുകൾ,
രോഗികളുടെ സഹായികൾക്ക് വിശ്രമകേന്ദ്രം.
മറ്റ് നിലകളിൽ : നാല് എലിവേറ്ററുകൾ,അഗ്നിസുരക്ഷാ സംവിധാനങ്ങൾ, മാലിന്യ സംസ്കരണകേന്ദ്രം, ചുറ്റുമതിൽ, റോഡുകൾ, ജലവിതരണം, സൗരോർജപ്ലാന്റുകൾ, ഇൻസിനറേറ്റർ, ബയോഗ്യാസ് പ്ലാന്റ്, കിടത്തിച്ചികിത്സ വിഭാഗത്തോട് ചേർന്ന് ശസ്ത്രക്രിയാമുറി.