കെ.എസ്.ഇ.ബി രഹസ്യ നീക്കം; വഴിവിട്ട വൈദ്യുതിക്ക്  നൽകും 1000 കോടി

Wednesday 08 March 2023 4:11 AM IST

# ഏപ്രിലിലെ നിരക്ക്

വർദ്ധനയും ഇതിനുവേണ്ടി

#റെഗുലേറ്ററി കമ്മിഷൻ വിലക്കിയിട്ടും

നടപ്പാക്കിയ കരാർ

#ഒരു വർഷം വാങ്ങുന്നത്

8800 കോടിയുടെ വൈദ്യുതി

തിരുവനന്തപുരം: വൈദ്യുതിവാങ്ങൽ വ്യവസ്ഥകൾ സംബന്ധിച്ച് കോടതികളിൽ നിലനിൽക്കുന്ന കേസുകൾ അവഗണിച്ച് കോടിക്കണക്കിന് രൂപ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ കെ.എസ്.ഇ.ബി തീരുമാനം.

ഒരുവർഷം 8800 കോടി രൂപയുടെ വൈദ്യുതിയാണ് കെ.എസ്.ഇ.ബി വാങ്ങുന്നത്. താപവൈദ്യുതി നൽകുന്ന ജാബുവ കമ്പനിക്ക് മാത്രം 1000 കോടി കൈമാറും. ഇവരുമായി ഇരുപത്തിയഞ്ച് വർഷത്തേക്ക് 9000 കോടിയുടെ കരാറാണ് നിലവിലുള്ളത്. ഇതടക്കം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ദീർഘകാല കരാറുകൾ റദ്ദാക്കാൻ സർക്കാർ ആലോചിക്കുമ്പോഴാണ് പണം കൈമാറുന്നത്.

അമിതവില ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ജാംബുവ കമ്പനിയുമായുള്ള കരാർ നിരസിച്ചിട്ടും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്.

ഏപ്രിൽ ഒന്നുമുതൽ വൈദ്യുതിനിരക്ക് വർദ്ധിപ്പിച്ച് ജനത്തെ വീണ്ടും പിഴിയാൻ പോകുന്നതും ഈ സാഹചര്യത്തിലാണ്.

കുടിശിക വരുത്തിയാൽ വൈദ്യുതി വിതരണം നിറുത്തിവയ്ക്കാൻ സ്വകാര്യ കമ്പനികൾക്ക് അധികാരമുണ്ടെന്ന് കേന്ദ്രവൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വൻകുടിശിക വരുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേന്ദ്രം കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. എന്നിട്ടും, ഞങ്ങൾ കുടിശിക വരുത്തിയേ...എന്നു പറഞ്ഞ് തുക കൈമാറുന്നതിലാണ് ദുരൂഹത. രാജസ്ഥാൻ, ഉത്തർപ്രദേശ്, ജമ്മുകാശ്മീർ,തെലുങ്കാന,ആന്ധ്ര,കർണാടകം,മഹാരാഷ്ട്ര,‌ ജാർഖണ്ഡ്,ഹരിയാന,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് വൻകുടിശിക വരുത്തിയത്.

#കരാറിലെ അസംബന്ധങ്ങൾ

1. വ്യത്യസ്ത നിരക്ക്: 2014 ഡിസംബർ 29ന് ജിൻഡാൽ കമ്പനിയുമായി താപവൈദ്യുതിക്ക് രണ്ടു കരാർ. ഒരു കരാർ പ്രകാരം യൂണിറ്റിന് 3.60രൂപ നിരക്കിൽ 200മെഗാവാട്ട് വാങ്ങും. രണ്ടാം കരാർ പ്രകാരം 4.29രൂപ നിരക്കിൽ 150മെഗാവാട്ട് വാങ്ങും-. രണ്ടിലും ഒപ്പിട്ടത് ഒരേ ചീഫ് എൻജിനിയർ

2. കൽക്കരിചൂടിനും വില: കൽക്കരി 2332 ഫാരൻഹീറ്റിൽ ചൂടാക്കി വൈദ്യുതി ഉണ്ടാക്കുന്ന ജാബുവ കമ്പനി, കൽക്കരി കൂടുതൽ ചൂട് ആഗീരണം ചെയ്തെന്നു പറഞ്ഞാൽ അധിക വില. പ്രതിവർഷം വാങ്ങുന്നത് 600 മെഗാവാട്ട്. 450കോടി അധികം കൊടുക്കാൻ സമ്മതം. ഇരുപത്തിയഞ്ച് വർഷത്തേക്ക് 9000 കോടിക്കാണ് കരാർ

ശിവശങ്കറിന്റെ കരാർ കാലം

 സ്വർണകടത്ത്,​ലൈഫ് കേസുകളിലെ പ്രതി എം.ശിവശങ്കർ ബോർഡ് ചെയർമാനും കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയുമായിരുന്നപ്പോഴാണ് 2014-15ൽ കരാർ ഒപ്പുവച്ചത്. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയില്ല

 2018മുതൽ 2020വരെ വൈദ്യുതിവാങ്ങിയത് ക്രമക്കേടാണെന്നും 234.40കോടിയുടെ നഷ്ടമുണ്ടാക്കിയതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും കഴിഞ്ഞവർഷം റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടിരുന്നു

3. കരാർ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അല്ലെങ്കിൽ 800കോടിയുടെ നഷ്ടമുണ്ടാകുമെന്നും പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച നിയമ,വൈദ്യുതി,ധനവകുപ്പ് സെക്രട്ടറിമാരുടെ സമിതി ശുപാർശ നൽകിയിട്ടുണ്ട്.

കേസു കൊടുത്ത് ജാംബുവ

റെഗുലേറ്ററി കമ്മിഷൻ അംഗീകരിക്കാത്തതിനാൽ കരാർപ്രകാരമുള്ള വില പൂർണമായി നൽകാൻ ബോർഡിന് കഴിയാതായി. കമ്മിഷന്റെ തടസ്സം നഷ്ടം വരുത്തിയെന്നാണ് ജാംബുവ കമ്പനിയുടെ നിലപാട്. ഫ്യുവൽ സർചാർജ് ഇനത്തിൽ 900കോടിയും കൽക്കരി അധികനിരക്കായി 450കോടിയും പിഴയായി 93കോടിയും ഫിക്സഡ് ചാർജ്ജ് തുടങ്ങിയ ഇനങ്ങളിൽ 164.85കോടിയും ഉൾപ്പെടെ മൊത്തം 1615 കോടിയോളം രൂപ ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിധി വരുംമുമ്പേ ആയിരം കോടി കൊടുത്താൽ, കമ്പനിയുടെ വാദങ്ങൾ ശരിവയ്ക്കുന്നതിന് തുല്യമാവും.