പത്തനംതിട്ട ജനറൽ ആശുപത്രി, എവിടെയും നീണ്ടനിര

Wednesday 08 March 2023 12:18 AM IST
ജനറൽ ആശുപത്രിയിലെ ഫാർമസിയ്ക്ക് മുമ്പിലെ നീണ്ട ക്യൂ

പത്തനംതിട്ട : ഓ.പിയിൽ ടിക്കറ്റെടുക്കാൻ ക്യൂ, ഡോക്ടറെ കാണാൻ ക്യൂ... ഫാർമസിയിൽ മരുന്ന് വാങ്ങാൻ ക്യൂ.... എന്നുവേണ്ട സകലതിനും ക്യൂ ആണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. ദിവസവും എണ്ണൂറ് മുതൽ ആയിരം വരെ രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രി ഒ.പിയിൽ എത്താറുണ്ട്. ഇത്രയും ആളുകൾ ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കണ്ടു മരുന്ന് വാങ്ങുമ്പോഴേക്കും ആശുപത്രി പരിസരത്തെ തിരക്കേറെയാകും. ക്യൂ നിൽക്കാൻ വയ്യാത്തവർ ഡോക്ടറെ കണ്ടിട്ട് പിന്നെ എപ്പോഴെങ്കിലും വന്നാണ് മരുന്ന് വാങ്ങുന്നത്. പ്രായമായവർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക ക്യൂ ഉണ്ട്. ചിലർ ക്യൂ പാലിക്കാതെ മുന്നിൽ കയറി നിൽക്കുന്നത് ബഹളത്തിനും കാരണമാകുന്നു.

ഡോക്ടറെ കാണാൻ ക്യൂ ഒഴിവാക്കാനായി ടോക്കൺ മെഷീൻ, ടോക്കൺ വെൻഡിംഗ് മെഷീൻ എന്നിവ ഉണ്ടെങ്കിലും ക്യൂവിന് ഒരു കുറവും ഇല്ല. പനി വ്യാപിക്കുന്നതിനാൽ വലിയ തിരക്കാണ് ജനറൽ ആശുപത്രിയിൽ.