അടൂർ ജനറൽ ആശുപത്രി, ഒ.പിയിൽ നരകയാതന
അടൂർ : ജനറൽ ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നതിനാൽ ഒ.പി വിഭാഗത്തിലെത്തുന്ന രോഗികൾ ദുരിതയാതന അനുഭവിക്കുകയാണ്. നിലവിലുള്ള ബഹുനില മന്ദിരത്തിന്റെ താഴത്തെ നിലയിലായിരുന്നു വിവിധ ഒ.പികൾ പ്രവർത്തിച്ചിരുന്നത്. ഇത് പരിഷ്കരിക്കുന്നതിന്റെ ഭാഗമായി മുറികളുടെ ഭിത്തികൾ ഇടിച്ചുമാറ്റി. പുതിയ നിർമ്മാണം നിലച്ചമട്ടിലാണ്. പേവാർഡിന്റെ താഴത്തെ നിലയിൽ ഒാർത്തോ, ജനറൽ മെഡിസിൻ, സർജറി, ഇ.എൻ.ടി തുടങ്ങി ഏഴോളം ഒ.പികളും മുകളിലത്തെ നിലയിൽ ഗൈനക്കോളജി, ദന്തൽ വിഭാഗം ഒ.പികളും പ്രവർത്തിക്കുന്നു. ഇടനാഴിയിലെ ഇത്തിരിയോളം വരുന്ന ഇടത്ത് തിങ്ങിനിറഞ്ഞിരിക്കുകയാണ് വിവിധ അസുഖങ്ങളുമായി എത്തുന്ന രോഗികൾ. ബഹുനില മന്ദിരത്തിന് താഴെയുള്ള മുറികളുടെ നവീകരണം തുടങ്ങിയിട്ട് നാല് മാസത്തിലേറെയായി. സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തടസമായത് ഇലക്ട്രിക്കൽ വിഭാഗത്തിന് അനുവദിച്ച തുകയുടെ കുറവാണ്. ദിവസവും ഒ.പിയിൽ ആയിരത്തിലധികം രോഗികൾ അനുഭവിക്കുന്നത് കടുത്ത നരകയാതനയാണ്.