അനുമതി കിട്ടിയാൽ കെ.റെയിൽ നടപ്പാക്കും: എം.വി. ഗോവിന്ദൻ

Wednesday 08 March 2023 12:29 AM IST

കൊച്ചി: ആരെതിർത്താലും കേന്ദ്രാനുമതി ലഭിച്ചാലുടൻ കെ-റെയിൽ നിർമ്മാണം ആരംഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് എറണാകുളം മറൈൻഡ്രൈവറിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ-റെയിൽ പ്രമാണിമാർക്ക് വേണ്ടിയുള്ളതാണെന്നാണ് പ്രചരിപ്പിക്കുന്നത്. കെ-റെയിൽ ഉപയോഗപ്പെടുത്തി അപ്പം വില്‌ക്കുന്ന കാര്യം പറഞ്ഞപ്പോൾ ആക്ഷേപിക്കപ്പെട്ടു. കൊച്ചിയിലെ കുടുംബശ്രീ പ്രവർത്തകർ നിർമ്മിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു വിൽക്കുന്നതിലൂടെയുള്ള ലാഭമെന്ന ആശയത്തിലൂന്നിയാണ് താൻ പ്രസംഗിച്ചത്.

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ കേരളം ഡിജിറ്റൽ സർവകലാശാലയുമായി മുന്നോട്ട് പോവുകയാണ്. എറണാകുളത്ത് സ്ഥാപിക്കുന്ന സർവകലാശാലയുടെ കരാർ ഒപ്പിട്ടുകഴിഞ്ഞു. ലോകം ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിനു മുമ്പേ ഇതേക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് നമുക്കുള്ളത്.

വൈപ്പിനിലെ സ്വീകരണം കഴിഞ്ഞ് റോ-റോയിലൂടെയാണ് കൊച്ചിയിലെത്തിയത്. കുറഞ്ഞ ദൂരം മാത്രമേയുള്ളൂ ഇക്കരെയെത്താൻ. ഭൂഗർഭ ടണൽ നിർമ്മിക്കുന്നകാര്യം ആലോചിക്കാവുന്നതാണ്. കൊച്ചിയിലെ ജലമെട്രോ കേരള ടൂറിസത്തിന് വളർച്ചയേകും. സംസ്ഥാനത്ത് നാലുവരി പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്രതിഷേധത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയപാത വികസനത്തിൽ നിന്ന് പിന്മാറിയതാണെന്ന് ഓർക്കണം. ഇടത് സർക്കാർ അധികാരത്തിലേറി ആദ്യം നടപ്പാക്കിയ പദ്ധതികളിലൊന്ന് നാലുവരി പാതയാണ്. ഉത്തരേന്ത്യയിൽ നൂറിൽ 54 പേർ പട്ടിണിയിലാണ്. കേരളത്തിലത് 0.9 ശതമാനം മാത്രമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്. പ്രൊഫ. എം.കെ. സാനു തുടങ്ങിയർ സന്നിഹിതരായിരുന്നു.

Advertisement
Advertisement