പൊങ്കാലയ്ക്ക് കാസർകോട്ടെഅമ്മമാർ സംഘം

Wednesday 08 March 2023 1:31 AM IST

തിരുവനന്തപുരം: 'ആദ്യം വന്നത് സ്നേഹലതേച്ചിയും ശാന്തേച്ചിയും... അവർ പറഞ്ഞ പൊങ്കാലയെക്കുറിച്ചറിഞ്ഞ് അടുത്ത വർഷം രണ്ടാൾ കൂടെ വന്നു. അങ്ങനെ പറഞ്ഞും കേട്ടും സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട്ടുനിന്ന് ഇക്കൊല്ലം പൊങ്കാലയിടാനെത്തിയത് 31 പേർ ! അരിസ്റ്റോ ജംഗ്ഷനിലെ കൈരളി ശ്രീ നിള തിയേറ്ററിന് മുന്നിലാണ് കാസർകോട്ടെ ചീമേനി സ്വദേശികളായ 31അമ്മമാർ പൊങ്കാലയിട്ടത്.

' ആദ്യം വെറുതേ വന്നു നോക്കി. അടുത്ത വർഷം മുതൽ പൊങ്കാലയുടെ സമയമാകുമ്പോൾ വെപ്രാളമായിത്തുടങ്ങി. വരാതിരിക്കാൻ ആയില്ല. ' 20 വർഷം തുടർച്ചയായി കാസർകോട്ടു നിന്ന് വരുന്ന സ്നേഹലത പറയുന്നു.
എട്ട് മാസം മുമ്പേ ട്രെയിൻ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണിവർ. കന്നിപ്പൊങ്കാലയ്ക്ക് എത്തിയ പദ്മിനിയും ബാലാമണിയും സംഘത്തിലുണ്ട്. മാസങ്ങൾക്ക് മുമ്പേ വ്രതമെടുത്തു. കാസർകോട്ട് ഇത്ര വലിയ പൊങ്കാലയില്ല.

കൂട്ടിന് പുരുഷന്മാരാരും എത്തിയിട്ടില്ല.അരിപ്പായസവും ശർക്കരപ്പായസവും തെരളിയും ഇട്ട് ഇന്നലെ മാവേലി എക്സ്‌പ്രസിൽ മടങ്ങിയപ്പോൾ അടുത്ത വർഷവും വരാനാകണേ എന്നത് മാത്രമാണ് അമ്മമാരുടെ പ്രാർത്ഥന.

Advertisement
Advertisement