സംസ്ഥാനത്ത് പട്ടയ മിഷൻ ഏപ്രിലിൽ രൂപീകരിക്കും

Wednesday 08 March 2023 1:36 AM IST

■പട്ടയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമെന്ന് മന്ത്രി കെ.രാജൻ

ഒണ്ടയങ്ങാടി (വയനാട്):സംസ്ഥാനത്ത് ഏപ്രിൽ മാസത്തോടെ പട്ടയ മിഷൻ രൂപീകരിക്കുമെന്നും, അതോടെ ദീർഘകാലമായി നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു..റവന്യൂ വകുപ്പിന്റെ സംസ്ഥാനതല പട്ടയ മേള മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ചർച്ച് ഗോൾഡൻ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതത് പ്രദേശത്തെ എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും പട്ടയ മിഷൻ പ്രവർത്തിക്കുക. ഭൂപരിഷ്‌കരണ നിയമം നിലവിൽ വന്നതിന് ശേഷം അര നൂറ്റാണ്ട് പിന്നിട്ടിട്ടും പല കാരണങ്ങളാൾ ഭൂമിക്ക് അവകാശ രേഖകളില്ലാത്തത് നിരവധി കുടുംബങ്ങളുടെ തീരാ സങ്കടങ്ങളായിരുന്നു. സംസ്ഥാനത്ത് ഒന്നേ മുക്കാൽ ലക്ഷം അവകാശ രേഖകളാണ് കഴിഞ്ഞ സർക്കാർ മുതൽ ഇതു വരെ വിതരണം ചെയ്തത്. ഈ സർക്കാർ 54,535 പട്ടയങ്ങൾ വിതരണം ചെയ്തു. ഇതിൽ 1978 പട്ടയങ്ങൾ വയനാട് ജില്ലയിലാണ് .

ഒരാൾക്ക് ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

വില്ലേജ് ഓഫീസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള സ്ഥാപനങ്ങൾ സമ്പൂർണമായി ഡിജിറ്റൽവത്കരിക്കും. വരുന്ന കേരളപ്പിറവി ദിനത്തിൽ ഇ- ഓഫീസ് ശൃംഖലകൾ സമ്പൂർണമാക്കും. ഡിജിറ്റൽ റീസർവെ തുടങ്ങി രണ്ടര മാസം പിന്നിട്ടപ്പോൾ ആകെ വിസ്തൃതിയുടെ രണ്ട് ശതമാനം അളന്നു കഴിഞ്ഞു. നാലു വർഷം കൊണ്ട് കേരളം മുഴുവൻ ഡിജിറ്റൽ റീസർവെ പൂർത്തിയാകും.വനാവകാശ നിയമ പ്രകാരം കേന്ദ്രം അനുവദിച്ച വനഭൂമി അർഹരായവർക്ക് മുഴുവൻ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതര സർക്കാർ വകുപ്പുകളുടെ അധീനതയിൽ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

വെള്ളമുണ്ട സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന കർമ്മം ചടങ്ങിൽ മന്ത്രി കെ.രാജൻ നിർവഹിച്ചു. പദ്മശ്രീ പുരസ്‌കാര ജേതാവ് പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമനെ ചടങ്ങിൽ ആദരിച്ചു. ഇ.ഗവേണൻസ് രംഗത്ത് ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കുന്നതിനായി പ്രവർത്തിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement