ഡോ.രാജശ്രീക്ക് അധിക ചുമതല

Wednesday 08 March 2023 1:37 AM IST

തിരുവനന്തപുരം: നിയമനത്തിൽ ക്രമക്കേട് കണ്ടെത്തി സാങ്കേതിക സർവകലാശാലാ വി.സി സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്. രാജശ്രീക്ക് പുതിയൊരു ചുമതല കൂടി നൽകി സർക്കാർ. ഐ.എച്ച്.ആർ.ഡിയെ സ്വയംപര്യാപ്ത സ്ഥാപനമാക്കി മാറ്രാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള വിദഗ്ദ്ധ സമിതിയുടെ അദ്ധ്യക്ഷയായാണ് ചുമതല. പ്രൊഫ. സിസാ തോമസിനെ മാറ്റി രാജശ്രീയെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ പദവിയിൽ നിയമിച്ചതിന് പിന്നാലെയാണ് പുതിയ ചുമതല. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോ.ഡയറക്ടർ ഡോ.വൃന്ദ വി നായർ, കൂത്തുപറമ്പ് ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ ഡോ.എ.പി കുട്ടികൃഷ്ണൻ എന്നിവരാണ് സമിതിയംഗങ്ങൾ. തിരുവനന്തപുരത്തു തന്നെ നിയമനം നൽകണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുള്ളതിനാൽ സിസാ തോമസിനെ ബാർട്ടൺഹിൽ കോളേജിൽ പ്രിൻസിപ്പലായി നിയമിച്ചിട്ടുണ്ട്.