നിരക്ഷരതയിൽ നിന്ന് എൻജിനിയറിംഗ് ഡിപ്ലോമയിലേക്ക്,  ലിസി സോണി നീന്തിക്കടന്നത് ജീവിതസാഗരം

Wednesday 08 March 2023 12:41 AM IST

കൊച്ചി: ബാല്യത്തിൽ കൈവിട്ട സ്കൂൾ വിദ്യാഭ്യാസം മദ്ധ്യവയസിൽ വീണ്ടെടുത്ത് ഓട്ടോ മൊബൈൽ എൻജിനിയറിംഗ് ഡിപ്ലോമയും കരസ്ഥമാക്കിയ ലിസി സോണി (43) സാക്ഷരകേരളത്തിന്റെ താരമായി. എറണാകുളം ഇടപ്പള്ളി സ്വദേശിയാണ് രണ്ട് കുട്ടികളുടെ മാതാവും ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടറുമായ ലിസി.

ബാല്യത്തിൽ, മാതാവിന്റെ അകാല വേർപാടിന് പിന്നാലെ വർക്ക്ഷോപ്പ് തൊഴിലാളിയായ പിതാവ് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലുമായതോടെ ലിസിയുടെ സ്കൂൾ പ്രവേശനം ബാലികേറാമലയായി. വീട്ടിലെ കഷ്ടപ്പാട് കാരണം അയൽവീടുകളിൽ ജോലിക്കുപോയി. സമപ്രായക്കാരായ കുട്ടികളെ കുളിപ്പിച്ചൊരുക്കി സ്കൂളിൽ അയക്കുന്ന ജോലിയായിരുന്നു. സമശീർഷർ പഠിച്ച് മുന്നേറുന്നത് നിറകണ്ണുകളോടെ കണ്ടുനിന്ന ലിസി പാതിപട്ടിണിയും പരിവട്ടവുമായി 19ൽ എത്തിയപ്പോൾ ഡ്രൈവ‌ർ സോണിയെ വിവാഹം ചെയ്തു. രണ്ടുകുട്ടികളുടെ അമ്മയായി. അതിനിടെ ഭർത്താവിന്റെ ശിക്ഷണത്തിൽ ഡ്രൈവിംഗ് പഠിച്ചു. അധികം വൈകാതെ സ്വന്തമായി ഒരു കാർ വാങ്ങി സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കാൻ തുടങ്ങി. 2011ൽ ശിഷ്യരിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് സാക്ഷരതാ മിഷന്റെ നാലാം തരം തുല്യത കോഴ്സിൽ ചേർന്നു.

അന്ന് 34 വയസായിരുന്നു പ്രായം. നാലാംക്ലാസ് വിജയിച്ച ലിസിക്ക് ഏഴാം ക്ലാസിലേക്ക് പ്രമോഷൻ കിട്ടി. പിന്നടെ പത്താം ക്ലാസും 2019ൽ പ്ലസ് ടു കോഴ്സും വിജയകരമായി പൂർത്തിയാക്കി. ഇനിയെന്ത് എന്ന ചോദ്യത്തിന് സ്വയം കണ്ടെത്തിയ ഉത്തരം ഓട്ടോമൊബൈൽ എൻജിനിയറിംഗ് എന്നായിരുന്നു. കഴിഞ്ഞവർഷം കളമശേരി ഗവ.പോളി ടെക്നിക്കിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്സിന് ചേർന്നു. കഴിഞ്ഞമാസം റിസൾട്ട് വന്നപ്പോൾ 88 ശതമാനം മാർക്കോടെ ലിസി സോണി ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമ പാസായിരിക്കുന്നു. മക്കൾ രണ്ടുപോരും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയപ്പോഴേക്കും നിരക്ഷരയായി ജീവിതം തുടങ്ങിയ മാതാവ് ഓട്ടോമൊബൈൽ എൻജിനിയറിംഗ് പാസായി. ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാർക്ക് ഓട്ടോമൈബൈൽ എൻജിനിയറിംഗ് യോഗ്യത നിർബന്ധമാക്കാൻ പോകുന്നുവെന്ന വാർത്തയ്ക്കിടെയാണ് ലിസി സോണി ആ കടമ്പയും ചാടിക്കടന്ന് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്.

Advertisement
Advertisement