അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താഴുന്നു

Wednesday 08 March 2023 12:00 AM IST

തൊടുപുഴ: വേനൽ കടുത്തതിനൊപ്പം , വൈദ്യുതി ഉത്പാദനവും ഉപഭോഗവും കുത്തനെ കൂടിയതോടെ, സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താഴുന്നു. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ജലസംഭരണികളിൽ ഇനി ശേഷിക്കുന്നത് 52 ശതമാനം ജലം മാത്രം. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 64 ശതമാനമായിരുന്നു.

അണക്കെട്ടുകളിലാകെ ഇനി ശേഷിക്കുന്നത് 2171.727 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ്,. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിലെ ജലനിരപ്പ് 2351.76 അടിയാണ്. പരമാവധി സംഭരണശേഷിയുടെ 47 % .. മുൻ വർഷത്തേക്കാൾ 20 % കുറവ്. നിലവിൽ ശരാശരി മൂന്ന് ദിവസം കൂടുമ്പോൾ ഒരടി വീതം ജലനിരപ്പ് താഴുന്നുണ്ട്. വേനൽ ശക്തമായ കഴിഞ്ഞ ഒരു മാസത്തിനിടെ, പത്ത് ശതമാനത്തിലേറെ ജലമാണ് അണക്കെട്ടുകളിലാകെ താഴ്ന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 85.3246 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ ഉപഭോഗം. ഈ വേനൽക്കാലത്തെ ഏറ്റവും കൂടിയ ഉപഭോഗങ്ങളിലൊന്നാണിത്. . 18.374 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ സംസ്ഥാനത്താകെ ഉത്പാദിപ്പിച്ചത്. ഇതിൽ 5.867 ദശലക്ഷം യൂണിറ്റ് ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നാണ്. വേനൽ ആരംഭിച്ചതിന് ശേഷം ദിവസവും ശരാശരി ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇടുക്കിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. 1037.636 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ശേഷിക്കുന്നത്. ശബരിഗിരി പദ്ധതിയിൽ നിന്ന് 4.0568 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.

പ്രധാന അണക്കെട്ടുകളിലെ

ജലനിരപ്പ് (ശതമാനത്തിൽ)

ഇടുക്കി- 47

പമ്പ- 54

ഷോളയാർ- 86

ഇടമലയാർ- 48

കുണ്ടള- 94

കുറ്റ്യാടി- 54

മാട്ടുപ്പെട്ടി- 82

തരിയോട്- 41

പൊന്മുടി- 49

നേര്യമംഗലം- 57

പൊരിങ്ങൽ- 26

ലോവൽ പെരിയാർ- 65

Advertisement
Advertisement