160 മണ്ഡലത്തിലെ ഉറച്ച വിജയം; ബി.ജെ.പിക്ക് മേൽനോട്ട സമിതി

Wednesday 08 March 2023 12:00 AM IST

ന്യൂഡൽഹി: കഴിഞ്ഞ ലോക‌്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 160 മണ്ഡലങ്ങളിലെ പ്രവർത്തനം ശക്തമാക്കാൻ ബി.ജെ.പി മേൽനോട്ട സമിതിക്ക് രൂപീകരിച്ചു. മൂന്ന് ദേശീയ ജനറൽ സെക്രട്ടറിമാരുൾപ്പെടെയുള്ള സമിതി ബൂത്ത് തലത്തിലെ പ്രവർത്തനം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള നേതാക്കളുടെ പ്രചാരണ ഷെഡ്യൂളടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കും.

ജനറൽ സെക്രട്ടറിമാരായ സുനിൽ ബൻസാൽ, വിനോദ് താവ്ഡെ, തരുൺ ചുഗ് എന്നിവരോടൊപ്പം യു.പിയുടെ ചുമതലയുള്ള നരേഷ് ബൻസാൽ എം.പി, ദേശീയ സെക്രട്ടറി ഹരീഷ് ദ്വിവേദി എം.പി, ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ എന്നിവരുമടങ്ങിയതാണ് സമിതി. ഒരു വർഷത്തെ പ്രവർത്തനത്തിലൂടെ 160 മണ്ഡലങ്ങളിലും വിജയ സാഹചര്യമുണ്ടാക്കുകയാണ് സമിതിയുടെ ചുമതല. ഉത്തർ പ്രദേശിൽ പാർട്ടിയുടെ തുടർ വിജയങ്ങൾക്ക് നേതൃത്വം കൊടുത്തയാളാണ് സുനിൽ ബൻസാൽ. ഒഡിഷ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ നേരിട്ടുള്ള ചുമതലയും സുനിലിനാണ്.

മേൽനോട്ട സമിതിയുടെ ചുമതലകൾ

 ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്തുക.

 മണ്ഡലങ്ങളിലെത്തുന്ന കേന്ദ്രമന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും പെർഫോമൻസ് വിലയിരുത്തി റിപ്പോർട്ട് നൽകുക.

 പാർട്ടിയിലെ ചേരിപ്പോരുകൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ റിപ്പോർട്ട് ചെയ്യുക.

 പ്രാദേശിക നേതാക്കൾക്ക് നൽകിയ ചുമതലകളും നിർവഹണവും നിരീക്ഷിച്ച് നടപടിയെടുക്കുക

 പ്രവർത്തനങ്ങളിൽ വിഴ്ചയില്ലെന്ന് ഉറപ്പാക്കാൻ മണ്ഡലങ്ങളിൽ എല്ലാ മാസവും അവലോകന യോഗം നടത്തുക.

 കേന്ദ്ര പദ്ധതികളുടെ നേട്ടം സാധാരണക്കാരിലെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കി നടപ്പിലാക്കുക

 പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരടക്കമുള്ള നേതാക്കളുടെ യാത്രയുടെയും പ്രചാരണ റാലികളുടെയും ഷെഡ്യൂൾ തയ്യാറാക്കുക.

Advertisement
Advertisement