പ്രമേഹ നിയന്ത്രണത്തിന് ദത്തെടുത്തത് 100 ഗ്രാമങ്ങൾ

Wednesday 08 March 2023 12:06 AM IST
പ്രമേഹ രോഗം

കോഴിക്കോട്: പ്രമേഹ ഗവേഷണ സ്ഥാപനമായ ആർ.എസ്.എസ്.ഡി.ഐ (റിസർച്ച് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ) രോഗനിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ 100 ഗ്രാമങ്ങൾ ദത്തെടുക്കുന്നു. നിലവാരമുള്ള പ്രമേഹപരിചരണം, പ്രമേഹ നിയന്ത്രണത്തിന് ഗ്രാമവാസികളെ പര്യാപ്തമാക്കൽ, പൊണ്ണത്തടി പരിശോധന, രക്താദിസമ്മർദ്ദ പരിശോധന, പ്രമേഹ വിദ്യാഭ്യാസ ക്ലാസുകൾ, മറ്റ് സാംക്രമികേതര രോഗങ്ങൾ എന്നിവയിൽ പരിശോധനകൾ നടത്തും. ആർഎസ്എസ്ഡിഐയിലെ ഉയർന്ന യോഗ്യതയുള്ള ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ക്ലാസുകൾ. ദേശീയതലത്തിൽ പ്രസിഡന്റ് മോഹൻ മക്കർ, സെക്രട്ടറി ഡോ. സഞ്ജയ് അഗർവാൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഡോ. അമിത് ഗുപ്ത, ഡോ. രാകേഷ് സഹായ്, ഡോ. വസന്തകുമാർ എന്നിവരും കേരളത്തിൽ ജ്യോതി ദേവ്, ഡോ. അനിത നമ്പ്യാർ തുടങ്ങിയവരും നേതൃത്വം നൽകും. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമങ്ങളിലെ എല്ലാവർക്കും പ്രയോജനപ്പെടുന്ന രൂപത്തിലാണ് ദത്തെടുക്കൽ പരിപാടി. സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രീനിംഗ്, മൂല്യനിർണയ രീതി, കമ്മ്യൂണിറ്റി മൊബിലൈസേഷൻ, ആരോഗ്യ പ്രോത്സാഹനം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.