അപൂർവ സസ്യങ്ങളുമായി ബൊട്ടാണിക്കൽ ഗാർഡൻ പ്രദർശനം ഒമ്പത് മുതൽ

Wednesday 08 March 2023 12:10 AM IST

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡൻ പ്രദർശനം ഒമ്പത് മുതൽ പതിനൊന്ന് വരെ സംഘടിപ്പിക്കുന്നു. പ്രദർശനം ഒമ്പതിന് രാവിലെ പത്ത് മണിക്ക് സർവകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രദർശനം. വിദ്യാർത്ഥികൾക്ക് 10രൂപയും പൊതുജനങ്ങൾക്ക് 20 രൂപയുമാണ് പ്രവേശനഫീസ്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം കരുതണം.

പ്രദർശനത്തോടനുബന്ധിച്ച് അലങ്കാരച്ചെടികളുടെ വിൽപനയുണ്ടായിരിക്കും. വൈവിദ്ധ്യം കൊണ്ടും വിസ്തൃതി കൊണ്ടും വംശനാശം നേരിടുന്ന സസ്യങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ് സസ്യോദ്യാനം. വൃക്ഷോദ്യാനമുൾപ്പെടെ 33 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കൽ ഗാർഡനെ കേന്ദ്ര ജൈവ വൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിദ്ധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങൾ, പന്നൽച്ചെടികൾ, ഇഞ്ചിവർഗങ്ങൾ, ജലസസ്യങ്ങൾ, കള്ളിച്ചെടികൾ, ഓർക്കിഡുകൾ, സ്വദേശിയും വിദേശിയുമായ അപൂർവയിനം വൃക്ഷങ്ങൾ എന്നിവയുടെ വൈവിദ്ധ്യമാർന്ന ശേഖരമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. കാഴ്ച പരിമിതിയുള്ളവർക്കു വേണ്ടിയുള്ള ടച്ച് ആൻഡ് ഫീൽ ഗാർഡൻ ബൊട്ടാണിക്കൽ ഗാർഡന്റെ പ്രത്യേകതയാണ്. ഈ വിഭാഗത്തിൽ അറുപതിലേറെ ഇനങ്ങളിലുള്ള സസ്യങ്ങളെ അവയുടെ ഗന്ധത്തിലൂടെ തിരിച്ചറിയാൻ കഴിയും. ആനത്താമര മുതൽ ഇരപിടിയൻ ചെടികൾ വരെയുള്ള സസ്യവൈവിധ്യം ഇവിടെയുണ്ട്. സന്ദർശകർക്ക് കാനനപാതയിലൂടെ നടന്നാസ്വദിക്കാം.