ബ്ളാസ്റ്റേഴ്സ് -ബെംഗളുരു റീ മാച്ച്, ഐ.എസ്.എല്ലിലല്ല, സൂപ്പർ കപ്പിൽ

Tuesday 07 March 2023 11:33 PM IST

സൂപ്പർ കപ്പിൽ ബ്ളാസ്റ്റേഴ്സും ബെംഗളുരു എഫ്.സിയും ഒരേ ഗ്രൂപ്പിൽ , നേർക്കുനേർ പോരാട്ടം ഏപ്രിൽ 16ന് കോഴിക്കോട്ട്

തിരുവനന്തപുരം: ഐ.എസ്.എൽ പ്ളേ ഓഫിലെ ബഹിഷ്കരണവിവാദത്തിനിടെ വീണ്ടും കേരള ബ്ളാസ്റ്റേഴ്സും ബെംഗളുരു എഫ്.സിയും തമ്മിലുള്ള മത്സരത്തിന് വേദിയൊരുക്കി ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ.ഐ.എസ്.എല്ലിൽ ബെംഗളുരുവുമായി റീമാച്ച് വേണമെന്ന ബ്ളാസ്റ്റേഴ്സിന്റെ ആവശ്യം തള്ളിയതിന് പിന്നാലെയാണ് അടുത്തമാസം കേരളത്തിൽ നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ ഇരുടീമുകളെയും ഒരേ ഗ്രൂപ്പിലാക്കി എ.ഐ.എഫ്.എഫ് ഫിക്‌സ്ചർ പുറത്തിറക്കി. ഐ.എസ്.എല്ലിൽ നിന്നും ഐ ലീഗിൽ നിന്നുമായി 16 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് ഏപ്രിൽ മൂന്ന് മുതൽ 26 വരെയാണ് കേരളത്തിൽ നടക്കുക. ഏപ്രിൽ 16ന് കോഴിക്കോട്ടുവച്ചാണ് ബ്ളാസ്റ്റേഴ്സും ബെംഗളുരുവും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരിക്കുന്നത്.

ഐ.എസ്.എല്ലിലെ 11 ക്ലബ്ബുകളും ഈ സീസണിലെ ഐലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യതനേടിയിട്ടുണ്ട്. ഐ ലീഗിലെ മറ്റ് ടീമുകൾ തമ്മിൽ നടക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് നാലുടീമുകൾ സൂപ്പർ കപ്പിന് യോഗ്യത നേടും.16 ടീമുകൾ നാല് ഗ്രൂപ്പുകളായാണ് സൂപ്പർ കപ്പിൽ മത്സരിക്കുക. ഓരോ ഗ്രൂപ്പിൽ നിന്നും ചാമ്പ്യന്മാർ സെമിയിലേക്ക് യോഗ്യതനേടും. ഏപ്രിൽ 8 മുതൽ 19 വരെയാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ നടക്കും. ഏപ്രിൽ 21, 22 തീയതികളിൽ സെമിഫൈനലും 25 ന് ഫൈനലും നടക്കും.

ബ്ളാസ്റ്റേഴ്സിനെയും ബെംഗളുരുവിനെയും കൂടാതെ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ളാസ് പഞ്ചാബും ചേരുന്നതാണ് സൂപ്പർ കപ്പിലെ എ ഗ്രൂപ്പ്. ഒരു ഐ ലീഗ് ടീം യോഗ്യതാമത്സരങ്ങളിൽ നിന്ന് എത്തും. ബി ഗ്രൂപ്പിൽ ഹൈദരാബാദ് എഫ്.സി,ഒഡിഷ എഫ്.സി,ഈസ്റ്റ് ബംഗാൾ ടീമുകളും ഗ്രൂൂപ്പ് സിയിൽ എ.ടി.കെ മോഹൻ ബഗാൻ,ജംഷഡ്പുർ എഫ്.സി,എഫ്.സി ഗോവ ടീമുകളും ഗ്രൂപ്പ് ഡിയിൽ മുംബയ് സിറ്റി എഫ്.സി,ചെന്നൈയിൻ എഫ്.സി,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി ടീമുകളും അണിനിരക്കും.

ഗ്രൂപ്പ് എ,സി മത്സരങ്ങൾക്ക് വേദിയാവുന്നത് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയമാണ്.

ഗ്രൂപ്പ് ബി,ഡി മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ സെമി കോഴിക്കോട്ടും രണ്ടാം സെമി മഞ്ചേരിയിലും നടക്കും.ഫൈനലിന് വേദിയവുന്നത് കോഴിക്കോടാണ്.

നടപടി പിഴയിലൊതുങ്ങുമോ ?

ഐ.എസ്.എൽ പ്ളേ ഓഫ് ബഹിഷ്കരണത്തിന്റെ പേരിൽ കേരള ബ്ളാസ്റ്റേഴ്സിനെതിരെ ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ കനത്ത നടപടികളിലേക്ക് പോകില്ലെന്ന് സൂചന. റീമാച്ച് വേണമെന്നും റഫറിയെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ളാസ്റ്റേഴ്സ് നൽകിയ പരാതി കഴിഞ്ഞ ദിവസം ചേർന്ന എ.ഐ.എഫ്.എഫ് അച്ചടക്കസമിതി തള്ളിയിരുന്നു. എന്നാൽ ക്ളബിനെതിരെ ശിക്ഷാനടപടികളെക്കുറിച്ച് വിശദീകരണമുണ്ടായില്ല. ഐ.എസ്.എൽ 18ന് സമാപിച്ചശേഷമാകും നടപടിയെന്നാണ് സൂചന. സൂപ്പർ കപ്പ് നടക്കാനിരിക്കെ ബ്ളാസ്റ്റേഴ്സിനെ വിലക്കുന്നതുപോലുള്ള ക‌ടുത്ത നടപടികളിലേക്ക് പോകാനിടയില്ലെന്നാണ് അറിയുന്നത്. പിഴശിക്ഷയിലൊതുക്കാനാവും നീക്കം. എന്നാൽ ബ്ളാസ്റ്റേഴ്സിനെതിരെ നടപടിയെടുത്താൽ അത് കേരളത്തിൽ നടക്കാനിരിക്കുന്ന സൂപ്പർ കപ്പിൽ ആരാധകപ്രതിഷേധത്തിന് ഇടയാക്കുമോ എന്ന സംശയവുമുണ്ട്.

Advertisement
Advertisement