ക്വാർട്ടറിലേക്ക് കണ്ണുനട്ട് ബയേണും പി.എസ്.ജിയും

Tuesday 07 March 2023 11:36 PM IST

മ്യൂണിക്ക് : യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്ക് ഇന്ന് സ്വന്തം തട്ടകത്തിൽ പാരീസ് എസ്.ജിയെ നേരിടുന്നു. ലയണൽ മെസിയും നെയ്മറും എംബാപ്പെയുമടങ്ങുന്ന പി.എസ്.ജിയെ ആദ്യപാദത്തിൽ അവരുടെ തട്ടകത്തിൽ ചെന്ന് ഏകപക്ഷീയമായ ഏകഗോളിന് കീഴടക്കിയ ബയേണിനാണ് ക്വാർട്ടറിലേക്ക് മുൻതൂക്കം. രണ്ടാം പാദത്തിൽ മികച്ച മാർജിനിൽ ബയേണിനെ മറികടന്ന് അവസാന എട്ടിലെത്താനുള്ള പി.എസ്.ജിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുന്നത് സൂപ്പർ താരം നെയ്മറുടെ പരിക്കാണ്. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ കാലിന് പരിക്കേറ്റ നെയ്മർക്ക് ഈ സീസണിൽ ഇനി കളത്തിലിറങ്ങാനാവില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാം ഇറ്റാലിയൻ ക്ളബ് എ.സി മിലാനെ നേരിടും. ആദ്യ പാദത്തിൽ എ.സി മിലാൻ സ്വന്തം തട്ടകത്തിൽ വച്ച് ടോട്ടൻഹാമിനെ 1-0ത്തിന് കീഴടക്കിയിരുന്നു.

ബയേൺ മ്യൂണിക്ക് Vs പാരീസ് എസ്.ജി

രാത്രി 1.30 മുതൽ

ടോട്ടൻഹാം Vs എ.സി മിലാൻ

രാത്രി 1.30 മുതൽ

സോണി ടെൻ ചാനൽ ശൃംഖലയിൽ ലൈവ്