(ന്യൂ) വനിതകൾക്ക് കെ.എസ്.എഫ്.ഇയുടെ 100 സ്വർണ നാണയങ്ങൾ സമ്മാനം

Wednesday 08 March 2023 2:36 AM IST

തൃശൂർ: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സമത സ്വർണപ്പണയ വായ്പ എന്ന പേരിൽ കെ.എസ്.എഫ്.ഇ സമ്മാനങ്ങളോടുകൂടിയ പുതിയ സ്വർണപ്പണയ വായ്പാ പദ്ധതി ആരംഭിച്ചു. ഈ വായ്പയെടുത്ത വനിതകളിൽ നിന്നും നറുക്കെടുപ്പിലൂടെ 100 പേരെ തെരഞ്ഞെടുത്ത് 100 സ്വർണനാണയങ്ങൾ സമ്മാനമായി നൽകും. അതോടൊപ്പം കെ.എസ്.എഫ്.ഇയുടെ വനിതാ ശാഖയും വനിതാദിനത്തിൽ ആരംഭിക്കും.

2023 മാർച്ച് 8 മുതൽ 31 വരെയുള്ള കാലയളവിലാണ് സമത സ്വർണപ്പണയ വായ്പ നടപ്പിലാക്കുക. ഈ പദ്ധതി പ്രകാരമുള്ള ഏറ്റവും കുറഞ്ഞ വായ്പാത്തുക 25000 രൂപയാണ്. 8.9% ആണ് പലിശ. കെ.എസ്.എഫ്.ഇ യിൽ നിലവിലുള്ള ജനമിത്രം സ്വർണപ്പണയ വായ്പ ഉപയോഗിച്ച് 25000 രൂപയോ അതിന് മുകളിലുള്ള തുകയോ ഈ കാലയളവിൽ വായ്പ എടുക്കുന്ന വനിതകളേയും സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണമായി വനിതകളാൽ നിയന്ത്രിക്കപ്പെടുന്ന ശാഖ എന്ന അർത്ഥത്തിലാണ് വനിതാശാഖ കെ.എസ്.എഫ്.ഇ നടപ്പാക്കുന്നത്. കേരളത്തിലെ ആദ്യ വനിതാ ശാഖയായി കെ.എസ്.എഫ്.ഇ പ്രഖ്യാപിക്കുന്നത് തൃശൂർ രാമവർമ്മപുരം ശാഖയെയാണ്. ഇന്ന് രാവിലെ 9ന് തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വനിതാ ശാഖയുടെ പ്രഖ്യാപനം നടത്തും. വാർഡ് കൗൺസിലർ രാധികാ അശോകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

ഇത്തവണത്തെ വനിതാദിന മുദ്രാവാക്യമായ 'എംബ്രൈസ് ഇക്വിറ്റി’ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സമത സ്വർണപ്പണയ വായ്പ ആവിഷ്ക്കരിക്കാനും വനിതാശാഖ എന്ന ആശയം നടപ്പിൽ വരുത്താനും കെ.എസ്.എഫ്.ഇ തീരുമാനിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ അറിയിച്ചു.