കുടിവെള്ളക്ഷാമം രൂക്ഷം: കാലികൾക്ക് നീരാടാൻ ജലസമൃദ്ധി

Wednesday 08 March 2023 12:35 AM IST

പൈപ്പ് പൊട്ടി ജലം പാഴാവുന്നു

ചങ്ങരംകുളം: ജലക്ഷാമം രൂക്ഷമാകുമ്പോഴും വിവിധയിടങ്ങളിൽ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതും ശുദ്ധജലം പാഴാവുന്നതും പതിവാകുന്നു. ഗ്രാമീണമേഖലയിൽ അടുത്തിടെ സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ പലതും പൊട്ടുന്നത് റോഡുകളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ട്.

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് വാട്ടർ അതോറിറ്റിയുടെ മെയിൽ പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നുണ്ട്. വറ്റി വരണ്ട ചിയ്യാനൂർ പാടത്ത് അപ്രതീക്ഷിതമായ വെള്ളക്കെട്ടുകൾ ശ്രദ്ധയിൽ പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുടിവെള്ളം പാഴാവുന്നത് ശ്രദ്ധയിൽ പെട്ടത്. സംസ്ഥാനപാതയുടെ അരികിലൂടെ പോകുന്ന വലിയ പൈപ്പുകൾ പൊട്ടിയാണ് പാടത്ത് വെള്ളം നിറയുന്നത്.

കാടു മൂടിക്കിടന്ന പാതയോരത്ത് കൂടി പോകുന്ന പൈപ്പുകൾ കാണാനാവില്ലെന്നതിനാൽ എവിടെയാണ് പൈപ്പുകൾ പൊട്ടിയതെന്ന് തിരിച്ചറിയാനാവില്ല. കടുത്ത വേനലിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുമ്പോഴാണ് അധികൃതരുടെ അനാസ്ഥമൂലം ഇത്തരത്തിൽ കുടിവെള്ളം പാഴാവുന്നത്. ജലക്ഷാമം രൂക്ഷമാകും മുമ്പ് കുടിവെള്ളം പാഴാവുന്നത് തടയാൻ നടപടി ഊർജ്ജിതപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

കനത്ത വേനലിൽ വരണ്ടുണങ്ങിയ ചിയ്യാനൂർ പാടത്ത് പൈപ്പ് പൊട്ടി ജലം നിറഞ്ഞപ്പോൾ ചൂട് അകറ്റുന്ന പോത്ത്‌