നാലാം ടെസ്റ്റിന് നാളെ തുടക്കം

Tuesday 07 March 2023 11:38 PM IST

അഹമ്മദാബാദ് : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നിർണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിൽ തുടക്കമാകും. പരമ്പരയിലെ അവസാനത്തേതായ ഈ ടെസ്റ്റിൽ വിജയിച്ചാലേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാൻ കഴിയൂ. അഹമ്മദാബാദിൽ ജയിക്കാനായില്ലെങ്കിൽ ശ്രീലങ്ക-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലമാശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഫൈനൽ പ്രവേശനം.

പിച്ചല്ലേ, നുള്ളല്ലേ...

ആദ്യ രണ്ട് ടെസ്റ്റുകളിലും സ്പിൻ പിച്ചുകളൊരുക്കി ഓസീസിനെ വീഴ്ത്തിയ ഇന്ത്യ ഇൻഡോറിൽ അതേസ്പിൻ പിച്ചിൽ തകർന്നടിയുകയായിരുന്നു. അഹമ്മദാബാദിലും ഇന്ത്യ സ്പിൻ പിച്ച് ഒരുക്കാനാണോ ശ്രമിക്കുക എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.ഇൻഡോറിലെ പിച്ച് മോശമെന്ന് ഐ.സി.സി റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ സ്‌റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റും ലഭിച്ചു. ആദ്യ രണ്ട് ടെസ്റ്റുകൾ നടന്ന നാഗ്പുരിലേയും ഡൽഹിയിലേയും പിച്ചിന് ശരാശരി നിലവാരമാണ് മാച്ച് റഫറിമാർ നൽകിയത്. ഇത്തരത്തിലുള്ള പിച്ചുകൾ ഒരുക്കുന്നതിനെ മുൻതാരങ്ങൾ വിമർശിക്കുകയും ചെയ്തിരുന്നു. അതേസമയം ഏത് തരത്തിലുള്ള പിച്ച് വേണമെന്ന് ബി.സി.സി.ഐ നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് അഹമ്മദാബാദിലെ ക്യുറേറ്റർമാർ പറയുന്നത്.

ഷമി തിരിച്ചെത്തും

അവസാന ടെസ്റ്റിനായി ഇന്ത്യൻ പേസർ ഷമി പ്ളേയിംഗ് ഇലവനിൽ തിരിച്ചെത്തുമെന്നാണ് സൂചനകൾ. ആദ്യ രണ്ട് ടെസ്റ്റുകൾ കളിച്ച ഷമിക്ക് മൂന്നാം ടെസ്റ്റിൽ വിശ്രമം നൽകിയിരുന്നു. ഇൻഡോറിൽ സിറാജും ഉമേഷുമാണ് പേസർമാരായി കളിച്ചത്. നാലാം ടെസ്റ്റിൽ സിറാജിന് പകരമാകും ഷമി എത്തുക. കീപ്പർ ശ്രീകാർ ഭരതിന് പകരം ഇഷാൻ കിഷൻ കളിക്കാനിടയുണ്ട്.

നയിക്കാൻ സ്മിത്ത്

പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിച്ച സ്റ്റീവ് സ്മിത്ത് തന്നെ നാലാം ടെസ്റ്റിലും ക്യാപ്ടനാകും. രണ്ടാം ടെസ്റ്റിന് ശേഷം കുടുംബപരമായ ആവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയ കമ്മിൻസ് ഏകദിന പരമ്പരയ്ക്കായേ തിരിച്ചെത്താൻ സാദ്ധ്യതയുള്ളൂ.കമ്മിൻസ് നയിച്ച രണ്ട് മത്സരങ്ങളിലും ഓസീസ് തോറ്റിരുന്നു. തുടർന്നാണ് ഇൻഡോറിൽ നയിച്ച സ്മിത്ത് ഒൻപത് വിക്കറ്റ് വിജയവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്തും സമ്മാനിച്ചത്. 2014 മുതൽ 2018വരെ ഓസീസ് ക്യാപ്ടനായിരുന്ന സ്മിത്ത് സാൻഡ്പേപ്പർ ഗേറ്റ് വിവാദത്തെത്തുടർന്നാണ് നായകസ്ഥാനമൊഴിഞ്ഞത്. വിലക്കിന് ശേഷം തിരിച്ചെത്തിയെങ്കിലും നായകനാക്കിയിരുന്നില്ല.

Advertisement
Advertisement