ആണ്ടാമുക്കത്ത് മാലിന്യത്തിന് തീപിടിച്ചു

Wednesday 08 March 2023 12:02 AM IST

കൊല്ലം: താമരക്കുളം ആണ്ടാമുക്കത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. വൻതോതിൽ തീയും പുകയും ഉയർന്നത് സമീപ പ്രദേശങ്ങളിലെല്ലാം ആശങ്ക പരത്തി. കോർപ്പറേഷൻ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് ഇന്നലെ രാവിലെ 9.30ഒാടെ അഗ്നിക്കിരയായത്. ചാമക്കടയിൽ നിന്നും കടപ്പാക്കടയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി മൂന്നു മണിക്കൂർ ശ്രമിച്ച ശേഷമാണ് തീയണച്ചത്. കോർപ്പറേഷനിൽ നിന്ന് ജെ.സി.ബി കൊണ്ട് വന്ന് മാലിന്യം നിരത്തിയിട്ട് തീപടരുന്നത് ഒഴിവാക്കി. തിങ്കഴാഴ്ച രാത്രി 10.30നും മാലിന്യം കത്തിയിരുന്നു. ഫയർഫോഴ്സെത്തി തീ അണച്ചെങ്കിലും രാവിലെ വീണ്ടും തീ ആളി പടരുകയായിരുന്നു. നഗരത്തിലെ മാലിന്യങ്ങൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ നിക്ഷേപിക്കുന്ന സ്ഥലത്തായിരുന്നു അഗ്നിബാധ. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കെട്ടിക്കിടന്നത്. വേനൽ രൂക്ഷമായതോടെ മാലിന്യത്തിൽ അഗ്നി പടരുന്നത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വാടി കടപ്പുറത്തും മാലിന്യം അഗ്നിക്കിരയായിരുന്നു. ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ സാജുദിൻ, റെസ്ക്യൂ ഓഫീസർമാരായ ഷെഫീഖ്, സാബു തോമസ്, ലെനിൻ, ക്യഷ്ണനുണ്ണി തുടങ്ങിയവർ തീയണയ്ക്കാൻ നേതൃത്വം നൽകി.