ദേശീയപാത 744: സ്ഥലമേറ്റെടുക്കലിന് 66ന് സമാനമായ നഷ്ടപരിഹാരം

Wednesday 08 March 2023 12:26 AM IST

കൊല്ലം: ദേശീയപാത 744 ന്റെ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ദേശീയപാത 66ന് ബാധകമാക്കിയ അതേ വ്യവസ്ഥകൾ ബാധമാക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

744ന്റെ വികസനത്തിന് നഷ്ടപരിഹാരം കണക്കാക്കുന്നതിൽ കെട്ടിടങ്ങളുടെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ വിലയിൽ കുറവ് വരുത്തുമെന്ന ആശങ്കയാണ് ഉണ്ടായിരുന്നത്. എന്നാൽ പഴക്കം കണക്കിലെടുക്കാതെ 2022 ൽ കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ ചെലവിന്റെ അടിസ്ഥാനത്തിൽ വിലനിശ്ചയിക്കാനാണ് ധാരണയായത്. സമാനമായ വ്യവസ്ഥയാണ് എൻ.എച്ച് 66ൽ നടപ്പാക്കിയത്.

ഭൂമി വില നിശ്ചയിക്കുന്നതിനായി ഭൂമി സ്ഥിതി ചെയ്യുന്നതിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന വിലയിലുളള 10 ആധാരങ്ങൾ അടിസ്ഥാനരേഖയായി സ്വീകരിക്കും. അതിൽ നിന്ന് ഏറ്റവും വിലകൂടിയ അഞ്ച് ആധാരങ്ങളുടെ വിലയുടെ ശരാശരിയായിരിക്കും വിലയായി നിശ്ചയിക്കുക. എന്നാൽ ഭൂമിയുടെ കിടപ്പനുസരിച്ച് എം.സി റോഡ്, പഞ്ചായത്ത് റോഡ്, റോഡിൽ നിന്ന് നേരിട്ടുള്ള പ്രവേശനമില്ലാത്തത് തുടങ്ങി എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിവുണ്ടാകും.

 കൃഷിക്ക് കൃഷിവികസന ഓഫീസർ നിശ്ചയിക്കുന്ന വില ലഭിക്കും

 മരങ്ങൾക്ക് വനം വകുപ്പ് വില നിശ്ചയിക്കും

 കെട്ടിടങ്ങൾക്ക് പ്രത്യേക വില നിശ്ചയിക്കും

 വീട്, ഇല്കട്രിസിറ്റി, പ്ലംമ്പിംഗ്, ചുറ്റുമതിൽ, താത്കാലിക ഷെഡ്, വീടിന് പുറത്തുള്ള ടോയ്‌ലെറ്റ്, ഇന്റർലോക്ക്, കിണർ തുടങ്ങി എല്ലാ നിർമ്മാണ പ്രവൃത്തികൾക്കും വില നിശ്ചയിക്കും

 ഭൂമി വിലയും, കൃഷി, മരങ്ങൾ, നിർമ്മാണം എന്നിവയുടെ വിലയും, കൂട്ടിചേർക്കുന്ന വിലയുടെ 100 ശതമാനം സെലോഷ്യം ലഭിക്കും

 ഭൂമി, കൃഷി, മരങ്ങൾ, നിർമ്മാണങ്ങൾ എന്നിവയുടെ കൂട്ടിയ തുകയുടെ ഇരട്ടി തുക വിലയായി ലഭിക്കും

 ഭൂമിയുടെ വിലക്ക് 3 എ വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ അവാർഡ് പാസാക്കുന്ന തീയതിവരെ 12 ശതമാനം പലിശ ലഭിക്കും

 മുഴുവൻ തുകയ്ക്കും വരുമാന നികുതിയിൽ ഇളവ്

ദേശീയപാത 744 ന്റെ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. നിർമ്മാണ പ്രവൃത്തികളുടെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. അക്കാര്യത്തിൽ ഉടമകൾക്ക് അനുകൂലമായ സ്പഷ്ടത വരുത്തിയിട്ടുണ്ട്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി