ഡി.വൈ.എഫ്.ഐക്കാരുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Wednesday 08 March 2023 12:33 AM IST

കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം അടക്കമുള്ളരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നാലും ഏഴും പ്രതികളുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് -3 തള്ളി.

മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നുമുള്ള ആദ്യ ജാമ്യം നിഷേധിച്ചപ്പോഴുള്ള സ്ഥിതി ഇപ്പോഴും തുടരുന്നുവെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടി ഹാജരായ അഡ്വ. ധീരജ് രവി വാദിച്ചിരുന്നു. അക്രമസംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇപ്പോൾ റിമാൻഡിലുള്ള രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ള വധശ്രമം ഒഴിവാക്കി നൽകാമെന്ന് ഉന്നത ഉദ്യോഗസ്ഥർ സി.പി.എം നേതൃത്വത്തിന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു കീഴടങ്ങൽ. എന്നാൽ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് വലിയ പരിക്കുള്ളതിനാൽ വധശ്രമം ഒഴിവാക്കാനാകില്ലെന്ന നിലപാട് ഈസ്റ്റ് എസ്.എച്ച്.ഒ സ്വീകരിച്ചിരുന്നു. ഇതിന് പുറമേ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള ബാക്കി പ്രതികളെ പിടികൂടാൻ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് വളയുകയും ചെയ്തു. ഇതോടെ രണ്ട് ദിവസം മുമ്പ് ഈസ്റ്റ് എസ്.എച്ച്.ഒയെ സ്ഥലംമാറ്റി.

രണ്ട് ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്ന് നേതൃത്വം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർ കീഴടങ്ങിയത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തതിലും വധശ്രമം ഒഴിവാക്കാത്തതിലും ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.