ഒരിടത്ത് ഓട്ടോ സ്റ്റാൻഡ് മറു വശത്ത് ബെെക്കുകൾ റോഡിലിറങ്ങി യാത്രക്കാർ

Wednesday 08 March 2023 12:45 AM IST
ബഷീർ റോഡിലെ ഓട്ടോ പാർക്കിങ്

കോഴിക്കോട്; ഒരു സെെഡിൽ ഓട്ടോറിക്ഷ പാർക്കിംഗ്, തൊട്ടടുത്ത് ബെെക്ക് പാർക്കിംഗ് കാൽനടയാത്രക്കാരുടെ യാത്ര ഓടയ്ക്കു മുകളിലൂടെയും നടുറോഡിലൂടെയും. മിഠായിത്തെരുവ് വെെക്കം മുഹമ്മദ് ബഷീർ റോഡിലെ അവസ്ഥയാണിത്.

ജില്ലയിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ വെെക്കം മുഹമ്മദ് ബഷീർ റോഡിൽ മിഠായിത്തെരുവിലേക്കുള്ള ആളുകളുടെ പ്രവേശനത്തിന് തടസമായിരുന്ന ഓട്ടോറിക്ഷാ പാർക്കിംഗ് മാറ്റി നിശ്ചയിച്ചതാണ് യാത്രക്കാർക്ക് വിനയായിരിക്കുന്നത്.

ലൈബ്രറിക്ക് മുന്നിലെ പാർക്കിംഗ് ഇപ്പോൾ ബഷീർ റോഡിലാണ്. തൊട്ടടുത്ത് തന്നെ ബെെക്കുകളുടെ പാർക്കിംഗും ഇതോടെ നടക്കാൻ ഇടമില്ലാതെ യാത്രക്കാർ വലയുകയാണ്. ഗത്യന്തരമില്ലാതെ റോഡിന് നടുവിലൂടെയാണ് യാത്രക്കാർ നടക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തുകയാണ്. ചീറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങളിൽ നിന്നു രക്ഷപ്പെട്ട് റോഡിലൂടെ സഞ്ചരിക്കാനും ഭാഗ്യം പരീക്ഷിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

മിഠായിത്തെരുവിലേക്ക് ആളുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വിലങ്ങനെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിൽ നിരന്തരം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വണ്ടികൾ ആദ്യ പാർക്കിംഗ് സ്ഥലത്ത് നിന്ന് വെെക്കം മുഹമ്മദ് ബഷീർ റോഡിലേക്ക് മാറ്റിയത്. ഇവിടെ ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാൻ ഡിവെെ‌ഡറുകൾ ഉപയോഗിച്ച് തിരിക്കുകയും റോഡിൽ ലെെൻ ഇടുകയും ചെയ്തിട്ടുണ്ട്. ഒൻപത് ഓട്ടോകൾ മാത്രം പാർക്ക് ചെയ്യാൻ അനുവാദം കൊടുത്ത ഇടത്ത് 20 ഓളം പാർക്ക് ചെയ്യുന്ന അവസ്ഥയാണ്. ഇതിന്റെ അടുത്ത് തന്നെയാണ് ബെെക്കുകളും നിറുത്തിയിടുന്നത്. ബെെക്കുകൾ നിറുത്തിയിടുന്ന വരി കഴിഞ്ഞ് റോഡിലേക്ക് തള്ളിയും ഓട്ടോറിക്ഷകൾ നിറുത്തിയിടുന്നുണ്ട്. ഇതു മൂലം ആളുകൾക്ക് നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല നിറുത്തിയിട്ട ബെെക്കുകൾ നിറുത്തിയിട്ട ആളുകൾക്ക് പലപ്പോഴും എടുത്ത് മാറ്റാൻ സാധിക്കാത്ത അവസ്ഥയാണ്.

തൊട്ടടുത്തുള്ള കടകൾ ഫൂട്ട് പാത്തും കെെയേറി വാഹനങ്ങൾ നിറുത്തിയിടുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വലിയ വാഹനം ഇതുവഴി പോയിക്കഴിഞ്ഞാൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. രാവിലെയും വെെകീട്ടുമാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. കൂടാതെ വെള്ളിമാട്കുന്നിലേക്കും മറ്റും പോകുന്ന ബസുകൾക്ക് ഇവരുടെ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്ത നഗരത്തിൽ 4000 ഓട്ടോറിക്ഷകളാണ് നിലവിൽ സർവീസ് നടത്തുന്നത്. പാർക്കിംഗ് പ്ലാസകൾ ഉൾപ്പെടെ ‌വാഗ്ദാനങ്ങൾ നൽകുമ്പോഴും ഇതുവരെ മികച്ച പദ്ധതി രൂപീകരിക്കാനോ നടപ്പാക്കാനോ മാറിവരുന്ന അധികൃതർക്കു സമയം ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.

''ഓട്ടോറിക്ഷകൾ റോഡിലേക്ക്തള്ളിയാണ് നിറുത്തുന്നത്. ഇത് മൂലം റോഡിൽ നിന്ന് വേണം ഓട്ടോയ്ക്കകത്ത് കയറാൻ . അപ്പോൾ അടുത്തു കൂടെ വരുന്ന വാഹനങ്ങൾ തട്ടുകയും ചെയ്യും . ഇത് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല വാഹനങ്ങൾക്ക് നടുവിലൂടെ വേണം നടന്ന് പോകാൻ. ഇത് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഒപു പോലെ പ്രശ്നമാണ്''- നീന, യാത്രക്കാരി

''അനുവദിച്ചതിലും കൂടുതൽ ഓട്ടോകൾ നിറുത്തിയിടുന്നത് നിയമ വിരുദ്ധമാണ്. ഇതിൽ അവരിൽ നിന്ന് പിഴ ഈടാക്കും

എൽ.സുരേഷ് ബാബു,

സ്റ്റേഷൻ ഹൗസ് ഓഫീസർ ,

കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ്