എൺപതിലും സ്വർണപ്പണിയിൽ പത്തര മാറ്റുമായി പാട്ടി

Wednesday 08 March 2023 1:09 AM IST

കൊല്ലം: സ്വർണപ്പണി യന്ത്രവത്കരണത്തിന് വഴിമാറിയെങ്കിലും എൺപതാം വയസിലും ഉമിയുടെ മുകളിൽ ചിരട്ടക്കരി നിരത്തിയ നെരിപ്പോടിൽ സ്വർണം ഊതിക്കാച്ചി തിളക്കുകയാണ് കൊല്ലം ശരണഭവനിൽ കൃഷ്ണമ്മാൾ എന്ന എല്ലാവരുടെയും പാട്ടി.

സ്വർണ്ണപ്പണിക്ക് പഴയ പ്രതാപം ഇല്ലെങ്കിലും പാട്ടിക്ക് ഇപ്പോഴും ഉപജീവന മാർഗമാണിത്. പന്ത്രണ്ടാം വയസിൽ തുടങ്ങിയ പരമ്പരാഗത ശൈലിയോട് വിട്ടുവീഴ്ച ചെയ്യാൻ പാട്ടിക്കാവില്ല.

തിരുവനന്തപുരം സ്വദേശി ജനാർദ്ദനൻ ആചാരി പത്തൊൻപതാം വയസിൽ കൊല്ലത്ത് ആരംഭിച്ച സ്വർണ്ണപ്പണി 115-ാം വർഷത്തിലും തുടരുന്നതിലാണ് പാട്ടിയുടെ ആഹ്ളാദം. ജനാർദ്ദനൻ ആചാരിയുടെ ഏഴ് മക്കളിൽ പാട്ടി മാത്രമേ പാരമ്പര്യ ജോലി പിന്തുടർന്നുള്ളൂ.

ഏഴാം ക്ലാസ്‌ പഠനം പൂർത്തിയായപ്പോഴാണ് ജനാർദ്ദനൻ ആചാരി മകളെ പണിശാലയിൽ കൊണ്ടുവന്നത്. അന്നൊക്കെ കടയിൽ വലിയ തിരക്കായിരുന്നു. നല്ല വരുമാനവും ലഭിച്ചിരുന്നു. ഇതിനിടെ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നടത്തിയിരുന്ന സദാശിവൻ ആചാരിയെ വിവാഹം കഴിച്ചു. ഭർത്താവും മൂന്നു മക്കളും അടങ്ങുന്ന കുടുംബം പട്ടിണി കിടക്കേണ്ടി വരാതിരുന്നതും സ്വർണപ്പണി കൊണ്ടാണെന്ന് പാട്ടി പറയുന്നു. ആദ്യമൊക്കെ സ്വർണപ്പണിയിൽ സഹായിച്ചിരുന്ന മകൻ പിന്നീട് ഡ്രൈവിംഗിലേക്ക് വഴിമാറി. പെൺമക്കളെ രണ്ടുപേരെയും വിവാഹം കഴിച്ചയച്ചു.

പത്തുവർഷം മുമ്പ് ഭർത്താവിന്റെ മരണത്തോടെ കുടുംബം അൽപ്പം ഞെരുക്കത്തിലായപ്പോഴും കുടുംബത്തിന് താങ്ങായത് പാട്ടിയുടെ വരുമാനമായിരുന്നു.

ജനങ്ങളുടെ വിശ്വാസമാണ് നിലനിറുത്തുന്നത്. ഇന്നലെ ആറ്റുകാൽ പൊങ്കാലയിലും പങ്കെടുത്തു. ഈ പ്രായത്തിൽ ഇതൊക്ക പോരേ...

കൃഷ്ണമ്മാൾ