എല്ലുനുറുങ്ങിയിട്ടും സാന്ദ്ര സ്റ്റെത്ത് അണിഞ്ഞു
ആലപ്പുഴ: എല്ലുപൊടിയുന്ന രോഗത്തിന്റെ തീവ്രതയ്ക്കോ രോഗിയെന്ന് മുദ്രകുത്തി മാറ്റി നിറുത്താൻ ശ്രമിച്ചവർക്കോ മുന്നിൽ തോറ്റുകൊടുക്കാതെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയാണ് സാന്ദ്ര സോമനാഥ് (24).
എട്ടാം മാസം പ്രായമുള്ളപ്പോൾ പിടിപെട്ട അസ്ഥികൾ ഒടിയുന്ന
ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട (ബ്രിട്ടിൽ ബോൺ) എന്ന ജനിതക രോഗം സാന്ദ്രയുടെ പൊക്കം നാലടിയിൽ ഒതുക്കി. പക്ഷേ, സ്വപ്നങ്ങളെ തകർക്കാനായില്ല.
തിരുവല്ല കാവുംഭാഗം ആരാമം വീട്ടിൽ റിട്ട. കോളേജ് പ്രൊഫ. സോമനാഥപിള്ളയുടെയും റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക മിനിയുടെയും ഇളയ മകളാണ് സാന്ദ്ര.
നാലാം ക്ലാസ് വരെ വീട്ടിലെ ട്യൂഷനായിരുന്നു പഠനമാർഗം. അഞ്ചാം ക്ലാസിൽ സ്കൂൾ പ്രവേശനം നേടിയെങ്കിലും സ്ഥിരമായി പോകാൻ സാധിച്ചില്ല. ഒമ്പതു മുതലാണ് സ്കൂളിലെത്തിയുള്ള പഠനം ആരംഭിച്ചത്. ഓർമ്മവെച്ച നാൾ മുതൽ ചികിത്സയുടെ ലോകത്തായതിനാൽ ഡോക്ടറാകണമെന്നായി മോഹം. പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പിൽ പ്രവേശനം നേടി.
കേരളത്തിൽ മൂന്നാം റാങ്ക്
വീടിനടുത്തുള്ള ദർശന അക്കാഡമിയിലായിരുന്നു എൻട്രൻസ് പരിശീലനം. നീറ്റ് പരീക്ഷയ്ക്ക് ഒരു മാസം മാത്രം ശേഷിക്കേയാണ് തീവ്രമായ വേദനയോടെ വീണ്ടും ഒടിവുണ്ടായത്. ഡോക്ടർമാരുടെ പിന്തുണയോടെ ആശുപത്രി കിടക്കയിലായി പഠനം. ഭിന്നശേഷി വിഭാഗത്തിൽ കേരളത്തിൽ മൂന്നാം റാങ്കോടെ ജയിച്ചു.
വേദനിപ്പിച്ച പരീക്ഷണം
ഭിന്നശേഷി വിഭാഗത്തിൽ വിജയിക്കുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡിന്റെ ഫിറ്റ്നസ് വിലയിരുത്തലിന് വിധേയരാകണം. സാന്ദ്രയ്ക്ക് ഡോക്ടറാകാൻ സാധിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു അഡ്മിനിസ്ട്രേറ്റിവ് അംഗം. പാനലിന് മുന്നിൽ പൊട്ടിക്കരഞ്ഞുപോയി. ആ സമയത്താണ് ദൈവദൂതനെ പോലെ ഓർത്തോ വിഭാഗത്തിലെ ഡോ.രാമാനുജൻ ഇടപെട്ടത്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന ഡോക്ടറുടെ ഉറപ്പിന്മേൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചു. ഒന്നാം വർഷം പല തവണ ഒടിവുകളുണ്ടായി. ഹാജർ കുറഞ്ഞതോടെ പരീക്ഷയെഴുതാനാവാതെ അഡിഷണൽ ബാച്ചിലേക്ക് തഴയപ്പെട്ടു. ഇതിനിടെ അച്ഛൻ ബൈപ്പാസ് സർജറിക്ക് വിധേയനായത് മനസിനെ ഉലച്ചു. പരീക്ഷയ്ക്ക് കസേരയിലിരുത്തിയാണ് ഹാളിലെത്തിച്ചിരുന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന വേദന മാത്രമാണിപ്പോൾ വില്ലൻ. ഡെർമറ്റോളജിയിൽ പി.ജി ചെയ്യാനാണ് ആഗ്രഹം. സഹോദരി: മൃദു (ഡെന്റിസ്റ്റ്, ഓസ്ട്രേലിയ)