നെല്ലിൽ അഷിതയുടെ വിജയഗാഥ

Wednesday 08 March 2023 1:12 AM IST

 അപൂർവ്വ നെല്ലുത്പന്നങ്ങളുമായി 'സമധാതു ഇക്കോ ഷോപ്പ്"

കണ്ണൂർ: നെൽകൃഷിക്കാരനായ ഭർത്താവ് വിളയിച്ചെടുത്ത നെല്ലുകൾക്ക് കൊവിഡ് കാലത്ത് വിപണി കണ്ടെത്താനാകാതെ ആശങ്കപ്പെട്ടപ്പോൾ അഷിത ഉറച്ച തീരുമാനമെടുത്തു. ജീവിതപങ്കാളിക്ക് കൈത്താങ്ങാവുക. സ്വയം പര്യാപ്തമാകാൻ ഒരു സംരംഭം തുടങ്ങിവയ്ക്കുക. കണ്ണപുരത്തെ വി.സി. അഷിത അങ്ങനെ സംരംഭകയായി. ചൈനാ ക്ലേ റോഡിന് സമീപം അപൂർവ്വ ഇനം നെല്ലുകളും 20 ഒാളം അനുബന്ധ ഉത്പന്നങ്ങളുമടങ്ങിയ 'സമധാതു ഇക്കോ ഷോപ്പി"ന് തു‌ടക്കമിട്ടതങ്ങനെ. അംഗീകാരമായി അന്താരാഷ്ട്ര വിമൻസ് ക്രിയേറ്റിവിറ്റി റൂറൽ ലൈഫ് അവാർഡും ഈ 35കാരിയെ തേടിയെത്തി. പോഷക സമൃദ്ധമായ നാടൻ അരികളുടെയും അവയുടെ വൈവിദ്ധ്യങ്ങളായ പാചക രീതികൾക്കുമുള്ള

പ്രോത്സാഹനമായാണ് അവാർഡ്. ഇന്ത്യയിൽ നിന്ന് 5 പേരാണ് അവാർഡിന് അർഹരായത്.

ജനീവ ആസ്ഥാനമായുള്ള വിമൺസ് വേൾഡ് സമ്മി​റ്റ്‌സ് ഫൗണ്ടേഷനും ഇന്ത്യയിലെ ഏകതാ പരിഷത്തും സംയുക്തമായി നൽകുന്ന അവാർഡാണിത് .

ഭർത്താവ് കെ. ലിനീഷ് കോഴിക്കോടും വയനാടുമായി പത്ത് ഏക്കർ സ്ഥലത്ത് 200ഒാളം ഇനം നെല്ലുകൾ കൃഷി ചെയ്തു വരികയാണ്.ഇതിൽ പകുതിയോളം വിത്ത് സംരക്ഷണത്തിന് വേണ്ടിയാണ്.

ഭർത്താവിന്റെ ജൈവ കൃഷിയും അപൂർവ്വ ഇനം നെല്ലുകളും സംരംഭത്തിന്റെ മാറ്റ് കൂട്ടുമെന്ന പ്രതീക്ഷയോടെയാണ് 2021ൽ ഇക്കോഷോപ്പ് ആരംഭിച്ചത്. രണ്ട് വർഷം പിന്നിടുമ്പോൾ ലാഭത്തിനൊപ്പം ആരോഗ്യപ്രദമായ ഭക്ഷണം ആളുകളിലെത്തിക്കുന്നതിന്റെ സംതൃപ്തിയുമുണ്ടന്ന് അഷിത പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങൾ വഴിയും നിരവധി പേ‌‌ർ സാധനങ്ങൾ വാങ്ങുന്നുണ്ട്. പോസ്റ്റൽ വഴിയാണ് സാധനങ്ങൾ അയച്ച് കൊടുക്കുന്നത്. പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് അഷിത. മൂന്ന് വയസ്സുകാരൻ അമർനാഥ് മകനാണ്.

വിഭവങ്ങൾ പലവിധം

രക്തം വർദ്ധിക്കാനും ക്ഷീണമകറ്റാനും ബ്ലാക്ക് റൈസ് അരി, വലിയ ചെന്നെല്ല് അരിയുടെ കഞ്ഞി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, രക്തശാലി അരി പേര് പോലെ തന്നെ രക്തശുദ്ധി വരുത്തുന്നു. വയനാട്ടിലെ സുഗന്ധമുള്ള അരിയായ മുള്ളൻ കയമ ഉപയോഗിച്ച് കേക്കുകൾ അലങ്കരിക്കാനുള്ള ക്രീമുമുണ്ടാക്കാം.

ഇക്കോ ഷോപ്പിൽ നിന്ന് അരി വാങ്ങുന്നവർക്ക് അത് എങ്ങനെ ഉപയോഗിക്കുമെന്ന് പറഞ്ഞുകാെടുക്കേണ്ടി വന്നപ്പോൾ പാചകത്തിലേക്കുമിറങ്ങി.

വി.സി.അഷിത

Advertisement
Advertisement