'ഫിംഗറിലൂടെ' സ്വന്തം കാലിൽ നിന്ന് സൈഫുന്നീസ

Wednesday 08 March 2023 1:16 AM IST

മലപ്പുറം: വീൽച്ചെയറിലാണ് ജീവിതമെങ്കിലും വേങ്ങര ചേറൂരിലെ സൈഫുന്നീസ നിൽക്കുന്നത് 'സ്വന്തം കാലിലാണ്'. മൂന്നാം മാസം പോളിയോ ബാധിച്ച് ശരീരം തളർന്ന സൈഫുന്നീസയ്ക്ക് ഇടതുകൈ മാത്രമേ ചലിപ്പിക്കാനാവൂ. വേങ്ങരയിൽ ഫിംഗർപ്രിന്റ് എന്ന ഓൺലൈൻ സേവനകേന്ദ്രം ഒറ്റയ്ക്ക് നടത്തുകയാണ് 38കാരിയായ സൈഫുന്നീസ. ഡി.ടി.പി,ഇ-ബാങ്കിംഗ് സേവനങ്ങൾ,ലാമിനേഷൻ,ഫോട്ടോസ്റ്റാറ്റ് എല്ലാം ഒറ്റക്കൈ കൊണ്ട് ചെയ്യും.

കുഞ്ഞിമുഹമ്മദ്-റുഖിയ ദമ്പതികളുടെ മൂത്ത മകളായ സൈഫുന്നീസ സ്‌കൂളിൽ പോയിട്ടില്ല. മറ്റ് കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ വീട്ടുവരാന്തയിൽ വീൽച്ചെയറിലിരുന്ന് കരയുമായിരുന്നു. വല്ല്യുപ്പ കുഞ്ഞവറാൻ എഴുതാനും വായിക്കാനും പഠിപ്പിച്ചു. എട്ട് വയസുള്ളപ്പോൾ സമീപത്തുള്ള ടീച്ചർ വീട്ടിലെത്തി പഠിപ്പിക്കാൻ തുടങ്ങി. 26ാം വയസിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വികസന വിദ്യാ കേന്ദ്രത്തിൽ ചേർന്നെങ്കിലും യാത്ര ബുദ്ധിമുട്ടായതോടെ ക്ലാസിൽ അധികം പോയില്ല. 27ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി. തുടർന്ന് ഏഴ്,പത്ത്,പ്ലസ്‌ടു തുല്യതാ പരീക്ഷകൾ വിജയിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയപ്പോൾ ലാപ്‌ടോപ്പ് സമ്മാനമായി ലഭിച്ചു. ഇതോടെയാണ് കമ്പ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹമുണ്ടായത്.

പരപ്പനങ്ങാടി പീസ് ഫൗണ്ടേഷനിൽ നിന്ന് കമ്പ്യൂട്ടറും പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിൽ നിന്ന് ഡി.ടി.പിയും പഠിച്ചു. പുതുപ്പറമ്പ് പോളിടെക്‌നിക്കിൽ നിന്ന് ഹാൻഡ് എംബ്രോയിഡറിയിലും ആഭരണ നിർമ്മാണത്തിലും പരിശീലനം നേടി. ഗ്രാഫിക്ക് ഡിസൈനിംഗും പഠിച്ചു. വീടിനുള്ളിലൊതുങ്ങാതെ സ്വന്തമായി ജോലി ചെയ്ത് മുന്നോട്ടുപോകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് ഫിംഗർപ്രിന്റ് എന്ന സ്ഥാപനം. പിതാവ് കുഞ്ഞിമുഹമ്മദ് വീടിന് തൊട്ടടുത്ത് മകൾക്കായി ഒറ്റമുറി കെട്ടിടം നിർമ്മിച്ചു. രാവിലെ 8.30ന് തുറന്ന് വൈകിട്ട് അഞ്ചിന് അടയ്ക്കും. വീൽച്ചെയറിലിരുന്നാണ് ജോലി. മാസം 10,000രൂപയോളം ലഭിക്കും. ക്ഷീണമോ തളർച്ചയോ ഇപ്പോൾ സൈഫുന്നീസയെ ബാധിക്കാറില്ല. പ്രായമായ മാതാപിതാക്കൾക്ക് തണലാകണമെന്നതാണ് ആഗ്രഹം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സ്ഥാപിതമായ എബിലിറ്റി ഫൗണ്ടേഷൻ ഡിസേബിൾഡിൽ നിന്ന് മികച്ച സ്വയംസംരംഭക അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

Advertisement
Advertisement