പോഷകസമൃദ്ധി പദ്ധതി, ചീര വിളവെടുപ്പ്

Wednesday 08 March 2023 2:32 AM IST

കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിയായ പോഷകസമൃദ്ധിയുടെ ഭാഗമായി സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷനിൽ ഇടവിളയായി നട്ട ചീരയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം ചെയർമാർ എസ്.ജയമോഹൻ നിർവഹിച്ചു. 11 ഏക്കർ തരിശ് ഭൂമിയിൽ ആറേക്കർ സ്ഥലം പാകപ്പെടുത്തി പാഴ്‌​ചെടികൾ മാറ്റി ജലസേചന സൗകര്യം മെച്ചപ്പെടുത്തിയാണ് കൃഷിക്കായി പ്ലോട്ട് തയ്യാറാക്കിയത്. ദീർഘകാല പച്ചക്കറിവിളകൾ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ എന്നിവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാൻ ഫണ്ടിലെ മൂന്നരലക്ഷം രൂപയും തൊഴിലുറപ്പിന്റെ 17 ലക്ഷം രൂപയുമാണ് പദ്ധതി ചെലവ്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.യശോദ, വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ, ബി.ഡി.ഒ ജോർജ് അലോഷ്യസ്, ഇരവിപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൽ.പ്രീത, കോർപ്പറേഷൻ ഭരണസമിതി അംഗങ്ങളായ ജി.ബാബു, അഡ്വ.ശൂരനാട് എസ്.ശ്രീകുമാർ, സജീ ഡി.ആനന്ദ്, ബി.സുജീന്ദ്രൻ, ഫാക്ടറി മാനേജർ ബിജു തുടങ്ങിയവർ സംസാരിച്ചു.