അച്ഛനും രണ്ടര വയസുകാരൻ മകനും മരിച്ചനിലയിൽ, കുഞ്ഞിന്റെ മൃതദേഹം കണ്ടത് ബക്കറ്റിൽ

Wednesday 08 March 2023 8:21 AM IST

തൃശൂ‌ർ: ആളൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുകാരൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ബിനോയ്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലാണ് കണ്ടെത്തിയത്. രാവിലെ ബിനോയ്‌യുടെ ഭാര്യ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കാണുന്നത്.

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു ബിനോയ് താമസിച്ചിരുന്നത്. ഗൾഫിൽ ജോലിനോക്കിയിരുന്ന ബിനോയ് മടങ്ങിവന്നതിനുശേഷം ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെ ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതും ബിനോയ്‌യെ ഏറെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിനോയ്‌ക്ക് ഒൻപത് വയസുകാരനായ മറ്റൊരു മകൻ കൂടിയുണ്ട്.