മരുമകന് കരാർ കിട്ടാൻ സഹായിച്ചിട്ടില്ല; ബ്രഹ്മപുരം പ്ലാന്റ് കരാർ വിവാദത്തിൽ പ്രതികരണവുമായി വൈക്കം വിശ്വം

Wednesday 08 March 2023 12:21 PM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് കരാർ വിവാദത്തിൽ പ്രതികരണവുമായി സി പി എം നേതാവ് വൈക്കം വിശ്വൻ. മരുമകന് കരാർ കിട്ടാൻ സഹായിച്ചിട്ടില്ല. കുടുംബാംഗങ്ങൾക്ക് വേണ്ടി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിക്കാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'മരുമകന് കരാർ കിട്ടിയ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. അവർ പ്രവർത്തനം തുടങ്ങിയതിന് ശേഷമാണ് അങ്ങനെയൊരു പരിപാടി അവർക്കവിടെ ഉണ്ടെന്നതിനെക്കുറിച്ച് അറിഞ്ഞത്. അക്കാര്യങ്ങളിൽ വേറെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അന്വേഷിക്കട്ടെ'- വൈക്കം വിശ്വൻ വ്യക്തമാക്കി.

'മുഖ്യമന്ത്രിയും ഞാനും വല്യ സൗഹൃദത്തിലാണെന്ന് ഫേസ്ബുക്കിലൊക്കെ വന്നു. മുഖ്യമന്ത്രിയും ഞാനും സൗഹൃദത്തിൽ വരാതിരിക്കാൻ വേറെ ഒരു കാരണവുമില്ല. ഞങ്ങൾ വിദ്യാർത്ഥികളായിരുന്നപ്പോൾ മുതൽ ചുമതലകൾ ഏറ്റെടുത്തുവരികയാണ്. അതുകഴിഞ്ഞ് പാർട്ടി നിലവാരത്തിൽ ഞങ്ങൾ പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. ഞാൻ മുഖ്യമന്ത്രിയേക്കാൾ മുൻപ് പാർട്ടിയിൽ വന്നയാളാണ്. സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യുമോയെന്ന് എനിക്കറിയില്ല. ഞാൻ ഇതുവരെ അങ്ങനെയൊരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രഹ്മപുരത്തെ ബയോ മൈനിങ് കരാർ മരുമകന്റെ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്കിടെയാണ് വൈക്കം വിശ്വന്റെ പ്രതികരണം. കൊച്ചി മുൻ മേയർ ടോണി ചമ്മിണി തന്നെ വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.