'നിരവധി പേജുള്ള റിപ്പോർട്ടുമായി വരണ്ട, യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്'; ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി

Wednesday 08 March 2023 3:21 PM IST

​​​​കൊച്ചി: പൗരന്മാരുടെ അവകാശസംരക്ഷകർ എന്ന നിലയിലാണ് ബ്രഹ്മപുരം വിഷയത്തിൽ സ്വമേധയാ കേസെടുത്തതെന്ന് ഹൈക്കോടതി. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാകുന്നു. അതിനാലാണ് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി പറ‌ഞ്ഞു.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ശാശ്വത പരിഹാര മാണ് വേണ്ടതെന്നായിരുന്നു കോടതിയുടെ മറുപടി . മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം വേണം, ഉറവിടങ്ങളിൽ തന്നെ മാലിന്യം വേർതിരിക്കണം. മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരെ നടപടി വേണം. ഏറെ പേജുള്ള റിപ്പോർട്ടുമായി വരേണ്ടെന്നും സർക്കാരിനോട് കോടതി പറഞ്ഞു. പകരം എങ്ങനെ നടപ്പാക്കാമെന്ന് കൃത്യമായി പറഞ്ഞാൽ മതിയെന്നും, യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു.

അതേസമയം, എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും കളക്ടർ എത്തിയിരുന്നില്ല. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതോടൊപ്പം ഇന്ന് ഹാജരാകണമെന്ന് കളക്ടറോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45ന് തന്നെ രേണുരാജ് ഹൈക്കോടതിയിലെത്തി.