സ്കൂട്ടറിൽനിന്ന് മൂന്നരലക്ഷംരൂപ കവർന്ന കേസിലെ പ്രതി പിടിയിൽ

Thursday 09 March 2023 12:48 AM IST
ഷാഹി ആലം

കളമശേരി: ആക്ടീവ സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന മൂന്നരലക്ഷംരൂപ കവർന്ന കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷാഹിം ആലത്തിനെ ഏലൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ മാസം 13ന് ഏലൂർ ലക്ഷംവീട് കോളനിയിൽ കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണുവിന്റെ മകന്റെ വിവാഹആവശ്യത്തിന് ബാങ്കിൽനിന്ന് വായ്പയെടുത്ത പണമാണ് നഷ്ടപ്പെട്ടത്. ഫാക്ടിലെ കരാർ തൊഴിലാളിയാണ് വിഷ്ണു. കളമശേരി എസ്.ബി.ഐയിൽനിന്ന് വായ്പയെടുത്ത തുകയുമായി മടങ്ങുന്ന വഴി ഏലൂരിലെ ബാങ്കിൽ പാസ് ബുക്ക് പതിപ്പിക്കാൻ വണ്ടി പാർക്ക് ചെയ്ത് ബാങ്കിൽ കയറി തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടവിവരം മനസിലായത്. ആയുധം ഉപയോഗിച്ച് വണ്ടിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് പ്രതി പണം മോഷ്ടിച്ചത്.

എസ്.ഐ. ജോസ് ബെന്റോ , ഷെജിൽകുമാർ, സുരേഷ്‌കുമാർ, സി.പി.ഒമാരായ ജിജോ, ദയാൽ, വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.