അന്തരീക്ഷ മലിനീകരണം: സജ്ജമായി ആശുപത്രികൾ

Thursday 09 March 2023 12:16 AM IST

തൃപ്പൂണിത്തുറ: ബ്രഹ്മപുരം പ്ലാന്റിൽ നിന്ന് പുറന്തള്ളുന്ന വിഷവാതകം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ശ്വാസതടസം രൂക്ഷമായവർക്ക് താലൂക്ക് ആശുപത്രിയിലും ആയൂർവേദ ആശുപത്രിയിലും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി.

20 കിടക്കകളുള്ള ഒരു മിനി ഹാൾ താത്കാലികമായി രൂപകല്പന ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ. സി.സുമ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി വരുന്ന രോഗികളെ കൈകാര്യം ചെയ്യാൻ പൾമണോളജിസ്റ്റ് ഡോ. ആഷ്‌നയുടെ സേവനം ലഭ്യമാകും. ശ്വാസംമുട്ടൽ മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് നൽകുന്ന കുത്തിവയ്പ്പ് കൂടാതെ ആസ്തമ രോഗികൾക്കുള്ള പ്രത്യേക മരുന്നുകളും ആശുപത്രി ഫാർമസിയിലുണ്ടെന്ന് സുമ പറഞ്ഞു. ശ്വാസതടസം നേരിടുന്നവർക്കായുള്ള നെബുലൈസേഷൻ യൂണിറ്റും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.