വനിതാസംഘം വനിതാദിനാചരണം, ഗുരുവചനങ്ങൾ ഏതുകാലഘട്ടത്തിലും സ്ത്രീകൾക്ക് പ്രചോദനം : ഡോ.സബിത

Thursday 09 March 2023 12:24 AM IST
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാദിനാചരണം സംസ്ഥാന എക്സലൻസ് അവാർഡ് ജേതാവും നേത്രരോഗ വിദഗ്ദ്ധയുമായ ഡോ.സബിത ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ജാതീയമായ വിവേചനവും പുരുഷമേധാവിത്വവും നിലനിന്ന കാലഘട്ടത്തിൽ പുരുഷനൊപ്പം സ്ത്രീയ്ക്കും തുല്യ പ്രാധാന്യം നൽകുകയും വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഗുരുവിന്റെ വചനങ്ങൾ ഏതുകാലഘട്ടത്തിലും സ്ത്രീകൾക്ക് പ്രചോദനമാണെന്ന് സംസ്ഥാന എക്സലൻസ് അവാർഡ് ജേതാവും നേത്രരോഗ വിദഗ്ദ്ധയുമായ ഡോ.സബിത പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാശശി അദ്ധ്യക്ഷതവഹിച്ചു. അമ്മമാരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാത്ത മക്കൾ മക്കളല്ലെന്നും മാതാവാണ് കൺകണ്ട ദൈവമെന്നും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂണിയനിലെ മുതിർന്ന വനിതാസംഘം പ്രവർത്തകരായ വിലാസിനി വളളിയാനി, ഓമനാരാഘവൻ വി.കോട്ടയം, വത്സല ഭാസ്ക്കരൻ 86 ടൗൺ ശാഖ, നളിനി ജനാർദ്ദനൻ അതുമ്പുംകുളം, ലീലാ അനിരുദ്ധൻ പയ്യനാമൺ എന്നിവരെ ആദരിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിലറും വനിതാസംഘം ഇൻചാർജ്ജുമായ പി.കെ.പ്രസന്നകുമാർ, യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ്, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലിലനാഥ്, വനിതാസംഘം കേന്ദ്രസമിതി അംഗം രജിനി വിദ്യാധരൻ, വനിതാസംഘം യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അജിതാ രതീപ്, സ്മിതാ മനോഷ്, സരോജിനി സത്യൻ, ഗീതാ സദാശിവൻ എന്നിവർ പ്രസംഗിച്ചു. മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ കെ.കെ.സുലേഖ ക്ലാസ് നയിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ സ്വാഗതവും എക്സിക്യുട്ടീവ് അംഗം ശാന്തമ്മാ സദാശിവൻ നന്ദിയും പറഞ്ഞു.